ന്യൂഡല്‍ഹി: രാജ്യത്ത് ചരക്ക് സേവന നികുതി പരിഷ്‌കരണം ദീപാവലിക്ക് മുമ്പ് തന്നെ നടപ്പാക്കാന്‍ സാധ്യത. പുതിയ നിരക്ക് ഘടനയുമായി പൊരുത്തപ്പെടാന്‍ വിപണിക്ക് ആവശ്യമായ സമയം നല്‍കുക, ഒപ്പം ഉത്സവ സീസണിലെ വ്യാപാര തടസ്സങ്ങള്‍ ഒഴിവാക്കുക എന്നിവയാണ് ഈ നീക്കത്തിനു പിന്നിലെ ലക്ഷ്യങ്ങള്‍. അടുത്ത ആഴ്ച ചേരുന്ന മന്ത്രിതല സംഘത്തിന്റെ യോഗം ഈ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. കേരളം, ബംഗാള്‍ തുടങ്ങിയ ആറ് സംസ്ഥാനങ്ങളില്‍ നിന്നുള്ള മന്ത്രിമാര്‍ ഈ സംഘത്തിലുണ്ടാകും.
ജിഎസ്ടി നിരക്കുകള്‍ രണ്ട് സ്ലാബുകളായി മാത്രം നിജപ്പെടുത്തുന്നതിനുള്ള സാധ്യതയാണ് പരിഗണനയിലുള്ളത്. ഇങ്ങനെ ചെയ്യുന്നത് മൊത്തം വരുമാനത്തെ ബാധിക്കില്ലെന്ന് ധനമന്ത്രാലയം വിലയിരുത്തുന്നു. കര്‍ഷകര്‍, ചെറുകിട സംരംഭകര്‍, എംഎസ്എംഇകള്‍ എന്നിവരുമായി ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങളെ 5% സ്ലാബില്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ട്.
അതേസമയം മറ്റ് മിക്ക ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും 18% നിരക്ക് ബാധകമായേക്കും. ഈ പരിഷ്‌കാരങ്ങള്‍ സംബന്ധിച്ച അന്തിമ തീരുമാനം മന്ത്രിതല സമിതിയുടെ യോഗത്തിനു ശേഷം ഉണ്ടായേക്കാം. ഇത് രാജ്യത്തെ നികുതി സംവിധാനത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിവെക്കുമെന്നാണ് കരുതുന്നത്.






