ആഗോള അയ്യപ്പ സംഗമത്തിൽ സർക്കാരിനെതിരെ യോഗക്ഷേമസഭ. സാമ്പത്തിക ലാഭത്തിനായോ അതുമല്ലെങ്കിൽ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടോ നടത്തുന്ന ഒരു പരിപാടി ആണെന്ന് സംശയിക്കുന്നതായി യോഗക്ഷേമസഭ പ്രസിഡന്റ് അക്കീരമൺ കാളിദാസ ഭട്ടതിരി പറഞ്ഞു.
ശബരിമലയെ വീണ്ടും വിവാദങ്ങൾക്കായുള്ള ഇടമാക്കരുത്. പമ്പയിലെ സംഗമത്തിൽ ആശങ്കയുണ്ട്. ആചാരങ്ങൾ പാലിക്കപ്പെടേണ്ട സ്ഥലമാണ് ശബരിമല. തെറ്റിദ്ധാരണ ഒഴിവാക്കി കാര്യങ്ങൾ സുതാര്യമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആഗോള അയ്യപ്പ സംഗമത്തിന് പൂർണ്ണ പിന്തുണയെന്ന് എൻഎസ്എസ് അറിയിച്ചു.
അടുത്ത മാസം 20 മുതൽ ശബരിമലയിൽ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിന് പൂർണ്ണ പിന്തുണ നൽകും. അയ്യപ്പ സംഗമത്തിന് വേണ്ട എല്ലാ കാര്യങ്ങൾക്കും സർക്കാരിനെ എൻഎസ്എസ് പിന്തുണയ്ക്കും. അയ്യപ്പ സംഗമം ശബരിമലയുടെ വികസനം ലക്ഷ്യമിട്ടുള്ളതാണ്. ലോകമെമ്പാടുമുള്ള അയ്യപ്പഭക്തരെ ഒരു വേദിയിൽ എത്തിക്കുക എന്നതാണ് സംഗമത്തിൻ്റെ ലക്ഷൃം. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഏകദേശം മൂവായിരത്തിൽ അധികം പ്രതിനിധികൾ പങ്കെടുക്കും.




