കൊച്ചി: 2019 മുതൽ നടിയുമായി പ്രണയത്തിലാണെന്നും തന്റെ പ്രണയത്തിന് തടസം നിൽക്കുന്നത് കേരള പൊലീസാണെന്നും സംവിധായകൻ സനൽകുമാർ ശശിധരൻ. നടിയുടെ പരാതിയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത സംവിധായകനെ ഇന്ന് രാത്രി എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ എത്തിപ്പോഴായിരുന്നു പ്രതികരിച്ചത്. അമേരിക്കയിൽ നിന്ന് മടങ്ങിയെത്തിയ സനൽകുമാറിനെ മുംബൈ വിമാനത്താവളത്തിൽ എമിഗ്രേഷൻ വിഭാഗം തടഞ്ഞുവയ്ക്കുകയായിരുന്നു. തുടർന്ന് എളമക്കര പൊലീസ് മുംബൈയിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
നടിക്കെതിരെ കഴിഞ്ഞ ജനുവരിയിലാണ് സനൽകുമാർ ഫേസ്ബുക്കിലൂടെ വ്യാജ പ്രചാരണം നടത്തിയത്. തന്നെ കൊല്ലുമെന്ന സ്ഥിതി വന്നപ്പോഴാണ് നാടുവിട്ടതെന്നും റെയിൽവേ സ്റ്റേഷനിൽ വച്ച് സനൽകുമാർ ശശിധരൻ പറഞ്ഞു. രണ്ടു മനുഷ്യർ തമ്മിൽ പ്രേമിക്കുന്നതിന് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് എന്തേലും തടസമുണ്ടോയെന്നും താൻ ഖജനാവ് കൊള്ളയടിച്ചിട്ടില്ലെന്നും താൻ മാസപ്പടി വാങ്ങിയിട്ടില്ലെന്നും ഏഴു ലക്ഷം കോടി കടമുണ്ടാക്കി വച്ചിട്ടില്ലെന്നും സനൽകുമാർ പറഞ്ഞു. ഒരു സ്ത്രീയെ സെക്സ് മാഫിയ തടവിൽ വച്ചിരിക്കുകയാണെന്നും സനൽകുമാർ ആരോപിച്ചു.






