എറണാകുളം: തൃപ്പൂണിത്തുറ ഹില്‍പാലസ് പൊലീസ് സ്റ്റേഷനിലെ എസ്‌ഐ രേഷ്മ തനിക്കെതിരെ അപമാനകരമായ പെരുമാറ്റം നടത്തിയെന്ന നടി അന്‍സിബയുടെ പരാതിയില്‍ അന്വേഷണം പുരോഗമിക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് അന്‍സിബയുടെ മൊഴി രേഖപ്പെടുത്തി.
നടി ലക്ഷ്മിപ്രിയയുടെ മൊഴിയും തിങ്കളാഴ്ച രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. കൂടാതെ, തൃപ്പൂണിത്തുറ വനിതാ സെല്‍ എസ്‌ഐ രേഷ്മയുടെ മൊഴിയും മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും മൊഴിയും ശേഖരിക്കും.
ലക്ഷ്മിപ്രിയക്ക് അന്‍സിബ അയച്ച വാട്‌സാപ്പ് സന്ദേശം കുടുംബ പ്രശ്‌നങ്ങള്‍ക്ക് കാരണമായെന്ന പരാതിയെ തുടര്‍ന്നാണ് പൊലീസ് നടപടി. തുടര്‍ന്ന് സ്റ്റേഷനില്‍ വിളിച്ചുവരുത്തി മൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്തുവെന്നും, ഖേദപ്രകടനം എഴുതിക്കൊടുക്കാനും ഫോട്ടോ എടുക്കാനും നിര്‍ബന്ധിച്ചതായി അന്‍സിബ ആരോപിച്ചു.
വനിതാ സെല്ലില്‍ സിസിടിവി ഇല്ലാത്തത് അന്വേഷണം ബാധിക്കുന്ന സാഹചര്യമാണെന്ന് പൊലീസ് അറിയിച്ചു. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് കൈമാറുമെന്ന് എസിപി വ്യക്തമാക്കി.






