പഴയങ്ങാടി: കണ്ണൂർ പഴയങ്ങാടി പള്ളിക്കരയിൽ ചൂയിംഗം തൊണ്ടയിൽ കുടുങ്ങിയ എട്ടുവയസുകാരിയുടെ ജീവൻ രക്ഷിച്ച് യുവാക്കൾ. ചൊവ്വാഴ്ച വെെകിട്ടായിരുന്നു സംഭവം. ഇതിന്റെ ദൃശ്യങ്ങൾ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവച്ചിട്ടുണ്ട്. ചൂയിംഗം തൊണ്ടിയിൽ കുടങ്ങി ശ്വാസം മുട്ടിയ കുട്ടിയ്ക്ക് യുവാക്കൾ പ്രഥമ ശുശ്രൂഷ നൽകുകയായിരുന്നു. ‘കണ്ണൂർ പഴയങ്ങാടി പള്ളിക്കരയിൽ ചൂയിംഗം തൊണ്ടയിൽ കുടുങ്ങിയ കുട്ടിയെ രക്ഷിച്ച് യുവാക്കൾ. നന്ദി’- എന്ന് മന്ത്രി കുറിച്ചു.
റോഡ് സെെഡിൽ വാഹനം നിർത്തി പച്ചക്കറി വാങ്ങി പരസ്പരം സംസാരിച്ച് നിൽക്കുകയായിരുന്നു യുവാക്കൾ. ഇതേസമയം റോഡിന്റെ മറുവശത്ത് ചെറിയ സെെക്കിളുമായി നിൽക്കുന്ന പെൺകുട്ടി ചൂയിംഗ് വായിൽ ഇടുന്നുതും പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിലുണ്ട്. എന്നാൽ അൽപനേരത്തിനുള്ളിൽ ബുദ്ധിമുട്ട് തോന്നിയ പെൺകുട്ടി യുവാക്കളുടെ അടുത്തേക്ക് സെെക്കിളിൽ സഹായം തേടുകയായിരുന്നു. പെട്ടെന്ന് തന്നെ യുവാക്കളിലൊരാൾ കുട്ടിയ്ക്ക് പ്രഥമ ശുശ്രൂഷ നൽകുകയായിരുന്നു.
വീഡിയോ പ്രചരിച്ചതിന് പിന്നാലെ യുവാക്കളെ പ്രശംസിച്ച് നിരവധി പേർ രംഗത്തെത്തുന്നുണ്ട്. തൊണ്ടയിൽ ചൂയിംഗ് കുടുങ്ങിയ സമയത്ത് അടുത്തുണ്ടായിരുന്നവരോട് സഹായം തേടാൻ പെൺകുട്ടിക്ക് തോന്നിയ ബുദ്ധിയേയും മനസാന്നിദ്ധ്യം വിടാതെ വിഷയം കെെകാര്യം ചെയ്ത യുവാവിനെയും ഒരുപോലെ പ്രശംസിക്കുന്നുണ്ട്.






