തിരുവനന്തപുരം : സംസ്ഥാനത്തെ അതിരൂക്ഷമായ വിലക്കയറ്റത്തെക്കുറിച്ച് നിയമസഭയിൽ ഇന്ന് അടിയന്തര പ്രമേയ ചർച്ച നടക്കും. ഉച്ചയ്ക്ക് 12 മുതൽ രണ്ട് മണിക്കൂർ നീണ്ടുനിൽക്കുന്ന ചര്‍ച്ചയ്ക്ക് പ്രതിപക്ഷം എംഎൽഎ പിസി വിഷ്ണുനാഥാണ് നോട്ടീസ് നൽകിയിരിക്കുന്നത്. തുടർച്ചയായി മൂന്നാം ദിവസമാണ് സഭയിൽ അടിയന്തര ചർച്ച നടക്കുന്നത്.
ആദ്യ ദിവസം പൊലീസ് അതിക്രമവും, ഇന്നലെ അമീബിക് മസ്തിഷ്ക ജ്വരം വർധിച്ച സാഹചര്യവുമാണ് ചർച്ച ചെയ്തിരുന്നത്. പൊതുജനാരോഗ്യപ്രശ്നങ്ങളെക്കുറിച്ചുള്ള പ്രതിപക്ഷ വിമർശനങ്ങൾക്ക് ആരോഗ്യ മന്ത്രി വീണാ ജോർജ് മറുപടി നൽകി.
അമീബിക് ജ്വരം അപൂർവ്വമായ രോഗമാണെന്നും, എല്ലാ ജലാശയങ്ങളിലും ഇതിന് സാധ്യതയുണ്ടെന്നും, രോഗം കണ്ടെത്തിയ ഉടൻ തന്നെ ചികിത്സയും ഇടപെടലുകളും നടത്തിയതായി മന്ത്രി അറിയിച്ചു. 2024-ൽ പ്രത്യേക ഗൈഡ്ലൈൻ പുറത്തിറക്കിയതും, രോഗ നിയന്ത്രണത്തിൽ കേരളം അമേരിക്കയെക്കാൾ മുന്നിലാണ് എന്നതും മന്ത്രി സഭയിൽ ചൂണ്ടിക്കാട്ടി.






