തൃശൂർ: വനം വകുപ്പിന്റെ കേസ് നേരിട്ട ശേഷം ജാമ്യത്തിൽ പുറത്തിറങ്ങിയ യുവാവ് മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞിരക്കോട് വടക്കൻ വീട്ടിൽ മിഥുന്‍ 30 ആണ് മരിച്ചത്. കാട്ടുപന്നി മാംസം വാങ്ങിയെന്നാരോപണത്തിലാണ് ആറുമാസം മുമ്പ് വടക്കാഞ്ചേരി റേഞ്ച് ഫോറസ്റ്റ് ഉദ്യോഗസ്ഥർ മിഥുനിനെ അറസ്റ്റ് ചെയ്തത്. ഏകദേശം ഒരു കിലോ മാംസം വാങ്ങിയെന്ന കേസിൽ കോടതിയിൽ ഹാജരാക്കി പിന്നീട് ജാമ്യത്തിൽ വിട്ടിരുന്നു.
ജാമ്യത്തിന് ശേഷം മിഥുന്‍ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം. വ്യാഴാഴ്ച മൊബൈൽ ഫോൺ തിരികെ വാങ്ങാൻ ഫോറസ്റ്റ് സ്റ്റേഷനിൽ പോയതിന് പിന്നാലെയാണ് കാണാതായത്. തുടർന്ന് നടത്തിയ തിരച്ചിലിൽ മിഥുനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
സംഭവത്തെ തുടർന്ന് നാട്ടുകാർ വനംവകുപ്പിനെതിരെ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി. സ്ഥിരം വേട്ടക്കാരനായി മിഥുനെ തെറ്റായി ചിത്രീകരിച്ച് കേസെടുത്തതായും മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തിയതായും നാട്ടുകാർ ആരോപിച്ചു.




