ന്യൂഡൽഹി : സൗദി അറേബ്യയും പാകിസ്ഥാനും തമ്മിൽ പുതിയ തന്ത്രപരമായ പ്രതിരോധ കരാർ ഒപ്പുവെച്ചത് മേഖലാ സുരക്ഷാ രംഗത്ത് വലിയ ചര്‍ച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്.
2025 സെപ്റ്റംബർ 17-ന് റിയാദിലെ അൽ-യമാമ കൊട്ടാരത്തിൽ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാനും പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും ചേർന്നാണ് കരാറിൽ ഒപ്പുവെച്ചത്. ഏതെങ്കിലും രാജ്യത്തിനെതിരായ ആക്രമണം, ഇരു രാജ്യങ്ങൾക്കും നേരെയുണ്ടായ ആക്രമണമെന്നാണ് കരാർ വ്യവസ്ഥ വ്യക്തമാക്കുന്നത്.
പഹൽഗാം ഭീകരാക്രമണവും ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂർ മറുപടിയും അന്താരാഷ്ട്ര തലത്തിൽ വലിയ ചര്‍ച്ചയായിരിക്കെ, ഇന്ത്യ–പാകിസ്ഥാൻ ബന്ധം ഏറ്റവും മോശമായ ഘട്ടത്തിലൂടെ കടന്നുപോകുന്ന സാഹചര്യത്തിലാണ് കരാർ പ്രഖ്യാപിച്ചത്. ഇതോടെ വീണ്ടും സംഘർഷാവസ്ഥ ഉയർന്നാൽ സൗദി അറേബ്യ ഇന്ത്യയ്‌ക്കെതിരെ പാകിസ്ഥാനൊപ്പം നിലപാട് എടുക്കുമോ എന്ന സംശയവും ശക്തമായി ഉയരുന്നു.
പാകിസ്ഥാൻ വിദേശകാര്യ ഓഫീസ് പുറത്തിറക്കിയ സംയുക്ത പ്രസ്താവന പ്രകാരം, കരാർ രണ്ടു രാജ്യങ്ങൾക്കുമിടയിൽ പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുകയും ആക്രമണങ്ങൾക്കെതിരെ സംയുക്ത നിലപാട് സ്വീകരിക്കാനും സഹായിക്കുമെന്നാണ് വ്യക്തമാക്കുന്നത്. മേഖലാ സമാധാനവും ആഗോള സുരക്ഷയും ഉറപ്പാക്കാനുമുള്ള ശ്രമമാണിതെന്ന് സൗദി–പാക് നേതാക്കൾ വ്യക്തമാക്കി.






