ന്യൂഡൽഹി : സിപിഐയുടെ 25-ാമത് പാർട്ടി കോൺഗ്രസിന് ഇന്ന് തുടക്കമായി. രാവിലെ 11 മണിക്ക് റാലിയോടെയാണ് സമ്മേളനം ആരംഭിച്ചത്. റാലിക്ക് ശേഷം വൈകുന്നേരം ദേശീയ എക്സിക്യൂട്ടിവ്, ദേശീയ കൗൺസിൽ യോഗങ്ങൾ ചേരും.
നാളെ നടക്കുന്ന പ്രതിനിധി സമ്മേളനത്തിന്റെ ഉദ്ഘാടനം സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി ഉൾപ്പെടെ വിവിധ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കൾ നിർവഹിക്കും. പാർട്ടി ജനറൽ സെക്രട്ടറിയുടെ സ്ഥാനത്ത് ഡി. രാജ തുടരുമോ എന്ന കാര്യത്തിൽ ഇന്നും നാളെയുമായി നേതാക്കൾക്കിടയിൽ ആശയവിനിമയം ഉണ്ടാകാനാണ് സാധ്യത.
പാർട്ടിയുടെ ഭാവിയെ മുന്നിൽ കണ്ടുള്ള നിർണായക തീരുമാനങ്ങളാണ് കോൺഗ്രസിൽ ഉണ്ടാകുകയെന്ന് സിപിഐ എം.പി സന്തോഷ് കുമാർ വ്യക്തമാക്കി. കേരളത്തിൽ നിന്നടക്കം അനുഭവസമ്പത്തുള്ള നേതാക്കൾ കേന്ദ്ര സെക്രട്ടേറിയേറ്റിലേക്കെത്തുമെന്നും, കേരള സർക്കാരിന്റെ പ്രവർത്തനങ്ങളെ സമ്മേളനത്തിൽ വിലയിരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിമർശനങ്ങളെ ഭയപ്പെടുന്നില്ലെന്നും സന്തോഷ് കുമാർ വ്യക്തമാക്കി.






