കൊച്ചി: ജിഎസ്ടി വര്‍ധന തിങ്കളാഴ്ച നിലവില്‍വരുന്നതിനാല്‍ തിരുവോണം ബമ്പര്‍ വില്‍ക്കാന്‍ ഞായറാഴ്ച സംസ്ഥാനത്തെ മുഴുവന്‍ ഭാഗ്യക്കുറി കാര്യാലയങ്ങളും തുറക്കും. നിലവില്‍ കേരള ലോട്ടറി ടിക്കറ്റിന് 28 ശതമാനമാണ് ജിഎസ്ടി. തിങ്കളാഴ്ചമുതല്‍ ഇത് 40 ശതമാനമാകും. തിരുവോണം ബമ്പറിന്റെ മുഖവില 391 രൂപയാണ്. ഇതിനൊപ്പം ജിഎസ്ടി കൂട്ടിയാണ് 500 രൂപയ്ക്ക് വില്‍ക്കുന്നത്. വില്‍പന തിങ്കളാഴ്ചത്തേക്ക് നീണ്ടാല്‍ മുഖവില 357 രൂപയാക്കേണ്ടി വരും. ഇതൊഴിവാക്കാനാണ് ഞായറാഴ്ച ഭാഗ്യക്കുറി കാര്യാലയങ്ങള്‍ തുറന്ന് ടിക്കറ്റുകള്‍ വിതരണം ചെയ്യുന്നത്. 75 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ അച്ചടിച്ചത്. ശനിയാഴ്ചത്തെ വില്‍പനക്കണക്കനുസരിച്ച് 73 ലക്ഷം ടിക്കറ്റുകളും വിറ്റു. ഞായറാഴ്ച ബാക്കി രണ്ടുലക്ഷം ടിക്കറ്റുകളും വിറ്റുതീരുമെന്നാണ് ഭാഗ്യക്കുറിവകുപ്പ് കണക്കുകൂട്ടുന്നത്. ഇത്തവണ തിരുവോണം ബമ്പര്‍ വില്‍പനയില്‍ വന്‍ കുതിപ്പായിരുന്നു ഉണ്ടായിരുന്നത്. അവസാനത്തെ രണ്ടാഴ്ചയില്‍ 30 ലക്ഷത്തിലേറെ ടിക്കറ്റ് വില്‍ക്കാമെന്ന കണക്കുകൂട്ടലാണ് ജിഎസ്ടി വര്‍ധന പ്രാബല്യത്തിലാകുന്നതോടെ ഇല്ലാതായത്.
27നാണ് തിരുവോണം ബമ്പറിന്റെ നറുക്കെടുപ്പ്. ആറുദിവസം മുന്‍പേ ആവശ്യമായ ടിക്കറ്റുകള്‍ ഒരുമിച്ചെടുക്കേണ്ട വിഷമത്തിലാണ് ഏജന്റുമാര്‍. ഇത്രയധികം ടിക്കറ്റെടുത്താല്‍ എല്ലാം വിറ്റുപോകുമോയെന്ന ആശങ്കയുമുണ്ട്. ജിഎസ്ടി വര്‍ധിക്കുന്നുണ്ടെങ്കിലും പ്രതിദിന ലോട്ടറി ടിക്കറ്റിന്റെ വിലയില്‍ മാറ്റമില്ല. 39 രൂപ മുഖവിലയും 28 ശതമാനം ജിഎസ്ടിയും ചേര്‍ത്താണ് 50 രൂപയ്ക്ക് പ്രതിദിന ലോട്ടറി ടിക്കറ്റുകള്‍ വില്‍ക്കുന്നത്. തിങ്കളാഴ്ചമുതല്‍ പ്രതിദിന ലോട്ടറി ടിക്കറ്റിന്റെ മുഖവില 35 രൂപയാകും. സമ്മാനത്തുകയില്‍ ഏജന്റുമാര്‍ക്ക് കിട്ടുന്ന കമ്മിഷന്‍ കുറച്ചും മറ്റുമാണ് ഭാഗ്യക്കുറി വകുപ്പ് ഈ നഷ്ടം നികത്തുന്നത്.






