വിഴിഞ്ഞം: കാണാതായ പതിമൂന്നുകാരിയെ ഡൽഹിയിൽ കണ്ടെത്തി. വിഴിഞ്ഞത്ത് താമസിക്കുന്ന ബംഗാൾ സ്വദേശികളുടെ മകളായ കുട്ടിയാണ് ഒരു സഹായവുമില്ലാതെ ഒറ്റയ്ക്കായി വിമാനമാർഗം ഡൽഹിയിൽ എത്തിയത്. കുട്ടിയെ മടക്കിക്കൊണ്ടുവരാൻ വിഴിഞ്ഞം പൊലിസ് സംഘം ഡൽഹിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
കുട്ടിയെ കഴിഞ്ഞ ദിവസം രാവിലെ 7 മണിയോടെ കാണാനില്ലെന്നതായി ബന്ധുക്കൾ വിഴിഞ്ഞം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ്, കുട്ടിയെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ച ഓട്ടോഡ്രൈവറെ കണ്ടെത്തിയത്. ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടന്ന അന്വേഷണത്തിലാണ് കുട്ടി ഡൽഹിയിലേക്കുള്ള വിമാനത്തിൽ യാത്ര ചെയ്തതായി സ്ഥിരീകരിച്ചത്. കുട്ടി ഡൽഹിയിൽ എവിടെയാണ് എത്തിയതെന്നതടക്കമുള്ള വിശദ വിവരങ്ങൾ ഇപ്പോഴും പുറത്തുവരാനുണ്ട്. സംഭവത്തിൽ പൊലിസ് വിശദമായ അന്വേഷണം തുടരുകയാണ്.






