തിരുവനന്തപുരം: ദേവസ്വം ക്ഷേത്രങ്ങളിൽ ഗൂഢ സംഘങ്ങൾ വിളയാടുന്നതായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സമ്പന്ന ഭക്തരിൽ നിന്ന് സൂത്രപ്പണികൾ വഴിയാണ് പണം തട്ടിപ്പോകുന്നത്, ഇതിൽ ചില ക്ഷേത്ര ജീവനക്കാരും ഇടനിലക്കാരുമാണ് പങ്കാളികളെന്നും അദ്ദേഹം പറഞ്ഞു. എസ്എൻഡിപിയുടെ മുഖമാസികയായ യോഗനാദം എന്ന പത്രത്തിലെ എഡിറ്റോറിയലിലൂടെയായിരുന്നു അദ്ദേഹം ഈ രൂക്ഷ വിമർശനം ഉന്നയിച്ചത്.
“ദേവസ്വം ക്ഷേത്രങ്ങൾ സർക്കാർ നിയന്ത്രണത്തിലായിരിക്കേണ്ടതില്ല. മതേതര രാഷ്ട്രത്തിൽ ക്ഷേത്ര ഭരണത്തിൽ മാത്രം അധികാരികളുടെ ഇടപെടലുകൾ തുടരുന്നത് ന്യായമല്ല. ചരിത്രപരമായ കാരണങ്ങളാലുള്ള ഈ രീതി ഇനി അവസാനിക്കേണ്ട സമയമായിരിക്കുന്നു,” വെള്ളാപ്പള്ളി വ്യക്തമാക്കി. ദേവസ്വം ബോർഡുകളുടെ സ്വയംഭരണം പേരിന് മാത്രം ആണെന്നും, അവിടെ ഭരണചുമതലയുള്ളവർ സർക്കാർ നിയോഗിക്കുന്നതുകൊണ്ട് രാഷ്ട്രീയ ആജ്ഞകൾ അനുസരിച്ചാണ് ഭരണം നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
“കണക്കിലും ഓഡിറ്റിലും സുതാര്യതയില്ല. കോടികൾ വിലമതിക്കുന്ന സ്വർണങ്ങളും രത്നങ്ങളും കൈകാര്യം ചെയ്യുന്നതിൽ വ്യക്തതയില്ല. അപ്രധാനവും അനാവശ്യവുമായ പദ്ധതികൾക്ക് ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ച് അനുമതികൾ നേടി വലിയ സാമ്പത്തിക തട്ടിപ്പുകൾ നടക്കുന്നുണ്ട്,” എന്നും അദ്ദേഹം ആരോപിച്ചു.






