കരൂരിലെ ദുരന്തത്തിൽ 41 പേർ മരിച്ചതിന്റെ പിന്നാലെ സംസ്ഥാന രാഷ്ട്രീയത്തിന്റെ താളം പൂർണ്ണമായും മാറിയിരിക്കുകയാണ്. സിനിമാനടനും ടിവികെ നേതാവുമായ വിജയ്യെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയ നീക്കങ്ങൾ ഇപ്പോൾ തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിയൊരുക്കുകയാണ്. “വിജയ് ബിജെപിയിലേക്കോ അതോ AIDMK ലേക്കോ ?” എന്ന ചോദ്യമാണ് രാഷ്ട്രീയ നിരീക്ഷകരും ജനങ്ങളും ഇപ്പോൾ ഉറ്റുനോക്കുന്നത്.
കരൂരിലെ ദാരുണ ദുരന്തം വിജയിയുടെ രാഷ്ട്രീയ ഭാവിയെ തന്നെ മാറ്റിമറിക്കുന്ന വഴിത്തിരിവായി മാറിയിരിക്കുകയാണ്. സെപ്റ്റംബർ 27-ന് വിജയ് നയിച്ച ടിവികെയുടെ റാലിക്കിടെ ഉണ്ടായ തിരക്കിലായിരുന്നു 41 പേരുടെ ജീവൻ നഷ്ടമായത്. ഈ സംഭവം തമിഴ്‌നാട്ടിൽ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. ദുരന്തത്തിന്റെ പേരിൽ വിജയ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടപ്പോൾ മദ്രാസ് ഹൈക്കോടതി അത് നിരസിക്കുകയും, കേസ് നിലവിൽ സുപ്രീം കോടതിയുടെ പരിഗണനയിൽ ആണെന്നും വ്യക്തമാക്കിയിരുന്നു .
ഈ ദുരന്തത്തിന് പിന്നാലെ വിജയ് രാഷ്ട്രീയമായും മാനസികമായും വലിയ സമ്മർദത്തിലാണ്. അതിനിടെ ബിജെപി വിജയ്യെ സമീപിക്കാനുള്ള ശ്രമം ശക്തമാക്കിയിരിക്കുകയാണ്. തമിഴ്‌നാട്ടിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി മുരളീധർ മോഹോൾ വിജയുമായുള്ള ബന്ധം മെച്ചപ്പെടുത്താനായി രംഗത്ത് എത്തിയിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ച രഹസ്യ കൂടിക്കാഴ്ചയ്ക്കുള്ള ശ്രമം നടന്നെങ്കിലും സംസ്ഥാന ഇന്റലിജൻസ് അത് അറിഞ്ഞോടെയാണ് വിജയ് ഈ നീക്കം ഉപേക്ഷിച്ചതും ഫോണിൽ ബന്ധപ്പെട്ടതും .
വിജയ് ദുരന്തബാധിതരുമായി വാട്‌സാപ്പ് വീഡിയോ കോൾ വഴി സംസാരിക്കുകയും നഷ്ടപരിഹാരം ഉറപ്പാക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു . ഇതെല്ലാം രാഷ്ട്രീയ പക്വതയുടെ സൂചനകളായി വിലയിരുത്തപ്പെട്ടുവെങ്കിലും, ബിജെപിയുടെ നീക്കങ്ങൾ കൂടുതൽ ആഴമുള്ളതാണ് . വിജയ് ബിജെപിയിലേക്ക് ചേർന്നാൽ, തമിഴ്‌നാട്ടിൽ പാർട്ടിക്ക് പുതിയ പ്രതീക്ഷകൾ ഉണ്ടാകും. കേന്ദ്ര നേതൃത്വവും അതിനുവേണ്ടി ശ്രമിക്കുന്നുവെന്നതാണ് ഇപ്പോൾ ഉയരുന്ന അഭിപ്രായം.
എന്നാൽ, ഇതേ സമയം അണ്ണാ ഡിഎംകെയും വിജയ്യെ സമീപിക്കുന്നതിൽ പിന്നിലല്ല . എടപ്പാടി പളനിസ്വാമി തന്നെ വിജയുമായി ഫോണിൽ അരമണിക്കൂറോളം സംസാരിച്ചിരുന്നു. എംകെ സ്റ്റാലിനെയും ഡിഎംകെയെയും തോൽപിക്കാനായി ഒന്നിക്കണമെന്ന് പളനിസ്വാമി വിജയിയോട് അഭ്യർത്ഥിച്ചെന്നാണ് നിലവിലെ വിവരം. വിജയ് ഈ ക്ഷണം തള്ളിയിട്ടില്ലെന്നതാണ് അത്ഭുതകരമായ ഒരു വസ്തുത. മാത്രമല്ല “പൊങ്കലിന് ശേഷം ഇതിൽ മറുപടി നൽകാം” എന്നതാണ് വിജയ് നൽകിയ മറുപടി. ഈ സാഹചര്യത്തിൽ വിജയ്യുടെ രാഷ്ട്രീയ നിലപാട് എന്തായിരിക്കുമെന്നാണ് തമിഴ് ജനത ഉറ്റു നോക്കുന്നത് . വിജയ് അണ്ണാ ഡിഎംകെയിലേക്കാണോ അടുക്കുന്നത് എന്നതും ഇപ്പോൾ ചർച്ചാവിഷയമാണ്. പളനിസ്വാമിയുടെ സമീപനം “വിജയ്യെ ഒരു രാഷ്ട്രീയ പങ്കാളിയാകാൻ തയ്യാറാകുന്നുവോ?” എന്ന സംശയം ശക്തമാക്കുന്നു.
തമിഴ്‌നാട്ടിലെ രാഷ്ട്രീയ അവസ്ഥ അതീവ സങ്കീർണ്ണമാണ് നിലവിൽ . ഒരു ഭാഗത്ത് ബിജെപി വിജയിനെ കൂട്ടുപിടിക്കാൻ ശ്രമിക്കുന്നു, മറുവശത്ത് അണ്ണാ ഡിഎംകെയും ആകർഷിക്കാൻ ശ്രമിക്കുന്നു. വിജയ് ഏത് വഴിയിലേക്കാണ് പോകുക എന്നത് ഇപ്പോൾ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ചോദ്യമാണ്. വിജയ് ബിജെപിയിലേക്ക് ചേർന്നാൽ തമിഴ്‌നാട്ടിൽ വലിയ തരംഗം ഉയരാൻ സാധ്യതയുണ്ട്. എന്നാൽ അണ്ണാ ഡിഎംകെയിലേക്ക് പോയാൽ അവിടെ ശക്തമായ പരമ്പരാഗത വോട്ട്ബാങ്ക് അദ്ദേഹത്തിന് പിന്തുണയായി ലഭിക്കുമെന്നതും വസ്തുതയാണ്.കരൂർ ദുരന്തം രാഷ്ട്രീയമായി തമിഴ്‌നാട്ടിൽ വലിയ ഭൂകമ്പം സൃഷ്ടിച്ചു. വിജയ് നിലവിൽ എന്തു ചെയ്യണം എന്നറിയാത്ത അവസ്ഥയിലാണ് , ബിജെപിയും അണ്ണാ ഡിഎംകെയും ഒരുപോലെ അദ്ദേഹത്തെ എത്തിപ്പിടിക്കാൻ കാത്തിരിക്കുകയാണ്. എന്നാൽ വിജയ് തനിക്കെന്നെന്താണ് അനുയോജ്യമെന്ന് ഇപ്പോഴും വ്യക്തമാക്കിയിട്ടില്ല. ജനങ്ങളുടെയും ആരാധകരുടെയും വികാരങ്ങളെ പിന്നിൽ നിർത്തി വിജയ് ഏത് വഴിയിലേക്കാണ് നീങ്ങുക? ബിജെപിയുടെ “ദേശീയ മുഖം” ആകുമോ വിജയ്, അതോ അണ്ണാ ഡിഎംകെയുടെ “പ്രാദേശിക കരുത്ത്” ആകുമോ? ഈ ചോദ്യത്തിന് മറുപടി ലഭിക്കുമ്പോഴേക്കും തമിഴ്‌നാട് രാഷ്ട്രീയത്തിന്റെ ഭൂപടം പൂർണ്ണമായും മാറിയിരിക്കാം.




