ന്യൂയോർക്ക്: ലോകത്തിലെ ഏറ്റവും ശക്ത പാസ്പോർട്ടുകളുടെ പട്ടികയിൽ നിന്ന് അമേരിക്ക 20 വർഷത്തിനുശേഷം ആദ്യമായി പുറത്തായി. ലണ്ടൻ ആധാരമാക്കി പ്രവർത്തിക്കുന്ന ഹെൻലി ആൻഡ് പാട്ട്നേഴ്സ് പുറത്തിറക്കിയ പുതിയ പാസ്‌പോർട്ട് ഇൻഡക്സിലെ റിപ്പോര്ട്ട് പ്രകാരം, 227 രാജ്യങ്ങളിൽ 180 രാജ്യങ്ങളിലേക്ക് വിസ രഹിത പ്രവേശനം സാധിക്കുന്ന അമേരിക്കൻ പാസ്പോർട്ട് മലേഷ്യയുമായി ചേർന്ന് 12-ാം സ്ഥാനത്ത് എത്തുകയും ചെയ്തു.
മൂന്ന് ഏഷ്യൻ രാജ്യങ്ങളാണ് നിലവിൽ ഹെൻലി പാസ്പോർട്ട് ഇൻഡക്സിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത് 193 രാജ്യങ്ങളിലേക്കും വിസ രഹിതമായി പ്രവേശനം സാധിക്കുന്ന സിംഗപ്പൂർ ഒന്നാം സ്ഥാനം, 190 രാജ്യങ്ങളിലേക്കും പ്രവേശനസൗകര്യം ഉള്ള ദക്ഷിണ കൊറിയ രണ്ടാം സ്ഥാനം, 189 രാജ്യങ്ങളിലേക്കും വിസ രഹിത പ്രവേശനം ഉള്ള ജപ്പാൻ മൂന്നാം സ്ഥാനം നേടി.
അമേരിക്കയ്ക്ക് 36 രാജ്യങ്ങൾ വിസ രഹിത പ്രവേശനം അനുവദിക്കുന്നില്ല. ഏപ്രിൽ മാസത്തിൽ ബ്രസീൽ അമേരിക്ക, കാനഡ, ഓസ്ട്രേലിയ എന്നിവരെ വിസ രഹിത രാജ്യങ്ങളുടെ പട്ടികയിൽ നിന്നും ഒഴിവാക്കിയിരുന്നു. പാപ്പുവ ന്യൂ ഗിനിയ, മ്യാൻമർ എന്നിവയും അമേരിക്കയെ വിസ രഹിത പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല.
പാസ്പോർട്ടിന്റെ റാങ്കിംഗ് മാറുന്നത് രാജ്യങ്ങളുടെ ഗ്ലോബൽ മൊബിലിറ്റി, അന്താരാഷ്ട്ര രാഷ്ട്രീയ ശക്തി എന്നിവയിൽ സംഭവിച്ച മാറ്റങ്ങളുടെ പ്രതിഫലനമാണ്. 2015-ൽ ഒന്നാം സ്ഥാനത്ത് ഉണ്ടായ ബ്രിട്ടൻ ഇപ്പോൾ 8-ാം സ്ഥാനത്തേക്ക് കുറഞ്ഞിരിക്കുകയാണ്. ചൈന 94-ാം സ്ഥാനത്ത് നിന്ന് 64-ാം സ്ഥാനത്തേക്ക് കുതിച്ചു ഉയർന്നിരിക്കുന്നു. യുഎഇയും വലിയ മുന്നേറ്റം കാഴ്ചവച്ചുവെന്നും, 42-ാം സ്ഥാനത്തിൽ നിന്ന് 8-ാം സ്ഥാനത്തേക്ക് എത്തിയത് ശ്രദ്ധേയമാണ്.
പട്ടികയിൽ ഏറ്റവും അവസാനസ്ഥാനത്ത് അഫ്ഗാനിസ്ഥാണ്. 24 രാജ്യങ്ങളിലേക്ക് വിസ രഹിത പ്രവേശനം സാധിക്കുമ്പോൾ, പിന്നിൽ നിന്ന് രണ്ടാമത്തെ സ്ഥാനം സിറിയ 26 രാജ്യങ്ങൾക്കും മൂന്നാമത് ഇറാഖ് 29 രാജ്യങ്ങൾക്കും ലഭിച്ചിട്ടുണ്ട്. പട്ടികയിൽ യുണൈറ്റഡ് നേഷൻ അംഗീകൃത 193 രാജ്യങ്ങളും ആറ് ടെറിട്ടറികളും ഉൾപ്പെടുത്തിയിട്ടുണ്ട്.










