ഇന്ത്യൻ പ്രതിരോധ ചരിത്രത്തിലെ ഒരു പുതിയ അധ്യായം കുറിച്ചുകൊണ്ട്, തദ്ദേശീയമായി നിർമ്മിച്ച യുദ്ധവിമാനം തേജസ് മാർക്ക് 1A അഥവാ Tejas Mk1A അതിൻ്റെ ആദ്യത്തെ വിജയകരമായ പറക്കൽ പൂർത്തിയാക്കിയിരിക്കുന്നു. വെള്ളിയാഴ്ച, ഒക്ടോബർ 17 -ന് നാസിക്കിലെ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിൻ്റെ പുതിയ നിർമ്മാണശാലയിൽ നിന്നാണ് ഈ അഭിമാന നേട്ടം .
പതിറ്റാണ്ടുകളായി ഇന്ത്യ കണ്ട സ്വയംപര്യാപ്തത എന്ന സ്വപ്നത്തിന് ചിറക് മുളച്ച നിമിഷമാണ്. പാകിസ്താനും ചൈനയും ഉൾപ്പെടെയുള്ള അയൽരാജ്യങ്ങളുടെ നെഞ്ചിടിപ്പ് കൂട്ടുന്ന, ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് പതിന്മടങ്ങ് വർദ്ധിപ്പിക്കുന്ന ഈ ‘ഗെയിം ചേഞ്ചർ’ വിമാനത്തിൻ്റെ സവിശേഷതകൾ ഏറെയാണ് .
പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിൻ്റെ സാന്നിധ്യത്തിൽ, ആഘോഷപൂർണ്ണമായ ‘വാട്ടർ കാനൺ സല്യൂട്ട്’ (water cannon salute) നൽകിയാണ് തേജസ് മാർക്ക് 1A-യെ വരവേറ്റത്.
ഇത്ഇന്ത്യൻ പ്രതിരോധ രംഗത്തെ പുതിയ ഉണർവ്വിൻ്റെ പ്രഖ്യാപനമായിരുന്നു. നാസിക്കിലെ പുതിയ മൂന്നാം നിർമ്മാണ യൂണിറ്റ് കൂടി ഉദ്ഘാടനം ചെയ്തതോടെ, തേജസ് വിമാനങ്ങളുടെ നിർമ്മാണം അതിവേഗത്തിലാകും. ബംഗളൂരുവിലെ യൂണിറ്റുകൾക്ക് പുറമെ നാസിക്കിലും നിർമ്മാണം ആരംഭിച്ചതോടെ പ്രതിവർഷം 24-ൽ അധികം വിമാനങ്ങൾ നിർമ്മിക്കാൻ സാധിക്കും.
എന്താണ് തേജസ് മാർക്ക് 1A
പഴയ തേജസ് പതിപ്പിൽ നിന്ന് ബഹുദൂരം മുന്നിലാണ് മാർക്ക് 1A. പേരിനൊരു മാറ്റം മാത്രമല്ല, കരുത്തിലും കഴിവിലും ഇതൊരു പുതിയ അവതാരമാണ്. അതിനൂതനമായ സാങ്കേതികവിദ്യകളാണ് ഈ വിമാനത്തെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുന്നത്.
ആക്റ്റീവ് ഇലക്ട്രോണിക്കലി സ്കാൻൻഡ് അറേ (Active Electronically Scanned Array ) റഡാറാണ് ഇതിൻ്റെ പ്രധാന ആകർഷണം. ഒരേ സമയം നിരവധി ലക്ഷ്യങ്ങളെ തിരിച്ചറിയാനും ട്രാക്ക് ചെയ്യാനും ഈ റഡാറിന് സാധിക്കും. ശത്രുവിമാനങ്ങൾ വളരെ ദൂരെയായിരിക്കുമ്പോൾ തന്നെ അവയെ കണ്ടെത്താനും ആക്രമണത്തിന് തയ്യാറെടുക്കാനും ഇത് പൈലറ്റിനെ സഹായിക്കുന്നു. ശത്രുക്കൾക്ക് എളുപ്പത്തിൽ കണ്ടെത്താൻ കഴിയാത്ത ഈ റഡാർ സംവിധാനം തേജസിന് നൽകുന്നത് വലിയ മുൻതൂക്കമാണ്.
ശത്രുവിൻ്റെ റഡാറുകളെയും മിസൈൽ സംവിധാനങ്ങളെയും കബളിപ്പിക്കാൻ ശേഷിയുള്ള ശക്തമായ ഇലക്ട്രോണിക് വാർഫെയർ സ്യൂട്ട് (electronic warfare suite) ഇതിലുണ്ട്. ശത്രു മിസൈലുകൾ വഴിതിരിച്ചുവിടാനും, റഡാർ സിഗ്നലുകൾ ജാം ചെയ്യാനും ഇതിന് കഴിയും. ഇത് വിമാനത്തിൻ്റെ അതിജീവനശേഷി പതിന്മടങ്ങ് വർദ്ധിപ്പിക്കുന്ന ഒന്നാണ് .
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ‘അസ്ത്ര’ ബിയോണ്ട് വിഷ്വൽ റേഞ്ച് (Astra beyond-visual-range) മിസൈൽ ഉൾപ്പെടെയുള്ള മാരകായുധങ്ങൾ വഹിക്കാൻ തേജസ് മാർക്ക് 1A-ക്ക് കഴിയും.
വിദൂരത്തുള്ള ശത്രുവിമാനങ്ങളെപ്പോലും തകർക്കാൻ ശേഷിയുള്ളവയാണ് ഈ മിസൈലുകൾ. അതോടൊപ്പം, ലേസർ ഗൈഡഡ് ബോംബുകളും മറ്റ് മിസൈലുകളും വഹിക്കാൻ സാധിക്കുന്നതോടെ, കരയിലും കടലിലുമുള്ള ലക്ഷ്യങ്ങളെ കൃത്യതയോടെ തകർക്കാൻ തേജസിന് കഴിയും.
എയർ-ടു-എയർ റീഫ്യൂലിംഗ് (Air-to-Air Refuelling) സംവിധാനമുള്ളതിനാൽ കൂടുതൽ ദൂരം നിർത്താതെ പറക്കാനും ദൗത്യങ്ങൾ പൂർത്തിയാക്കാനും സാധിക്കും. ഇത് ദീർഘദൂര ഓപ്പറേഷനുകളിൽ ഇന്ത്യൻ വ്യോമസേനയ്ക്ക് വലിയ മുതൽക്കൂട്ടാകും.
തേജസ് മാർക്ക് 1A-യെ പലപ്പോഴും പാകിസ്താൻ്റെയും ചൈനയുടെയും സംയുക്ത സംരംഭമായ JF-17 Thunder വിമാനവുമായും, അമേരിക്കയുടെ വിഖ്യാതമായ F-16 വിമാനവുമായും താരതമ്യം ചെയ്യാറുണ്ട്.
പാകിസ്താൻ്റെ അഭിമാനമായ JF-17 നെക്കാൾ പല കാര്യങ്ങളിലും ബഹുദൂരം മുന്നിലാണ് നമ്മുടെ തേജസ്. തേജസിൻ്റെ ഭാരം കുറഞ്ഞ രൂപകൽപ്പനയും ശക്തമായ എഞ്ചിനും അതിന് കൂടുതൽ വേഗതയും ഉയരങ്ങളിലേക്ക് പെട്ടെന്ന് കുതിക്കാനുള്ള കഴിവും നൽകുന്നു.
ഏറ്റവും പ്രധാനമായി, തേജസിലെ AESA റഡാറും ഇലക്ട്രോണിക് യുദ്ധ സംവിധാനങ്ങളും JF-17 ൻ്റെ ഏറ്റവും പുതിയ പതിപ്പുകളോട് കിടപിടിക്കുന്നതോ അതിനേക്കാൾ മികച്ചതോ ആണ്.
ആയുധങ്ങളുടെ കാര്യത്തിലും, ‘അസ്ത്ര’ പോലുള്ള തദ്ദേശീയ മിസൈലുകൾ തേജസിന് മുൻതൂക്കം നൽകുന്നു. ചുരുക്കത്തിൽ, പാകിസ്താൻ്റെ ‘ഇടിമുഴക്ക’ത്തിന് മുകളിൽ ഇന്ത്യയുടെ ‘പ്രകാശം’ ജ്വലിച്ചുനിൽക്കുമെന്ന് ഉറപ്പാണ്.
ലോകത്തിലെ ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന യുദ്ധവിമാനങ്ങളിലൊന്നാണ് അമേരിക്കയുടെ F-16. എന്നാൽ, തേജസ് മാർക്ക് 1A, F-16 ൻ്റെ പുതിയ പതിപ്പുകളുമായി മത്സരിക്കാൻ ശേഷിയുള്ളവയാണ്.
മാത്രമല്ല, പരിപാലനച്ചെലവ് F-16 നെ അപേക്ഷിച്ച് തേജസിന് വളരെ കുറവായിരിക്കും. ഇന്ത്യയുടെ സാഹചര്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ രീതിയിലാണ് തേജസ് നിർമ്മിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ, ഇന്ത്യൻ വ്യോമാതിർത്തിയിൽ തേജസിനെ വെല്ലാൻ F-16 ന് പോലും എളുപ്പമാവില്ല.
പതിറ്റാണ്ടുകൾ നീണ്ട ഗവേഷണങ്ങൾ, കാലതാമസം, വിമർശനങ്ങൾ എന്നിവയെല്ലാം അതിജീവിച്ചാണ് ഇന്ന് തേജസ് ഈ നിലയിൽ എത്തിയത്. ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡും (HAL) എയറോനോട്ടിക്കൽ ഡെവലപ്‌മെൻ്റ് ഏജൻസിയും (Aeronautical Development Agency ) ഉൾപ്പെടെ നിരവധി ഇന്ത്യൻ സ്ഥാപനങ്ങളുടെ കഠിനാധ്വാനത്തിൻ്റെ ഫലമാണിത്.
മുൻപ് നേരിട്ട വിമർശനങ്ങളെല്ലാം കാറ്റിൽപ്പറത്തിക്കൊണ്ട്, ലോകോത്തര നിലവാരത്തിലുള്ള ഒരു യുദ്ധവിമാനം നിർമ്മിക്കാൻ ഇന്ത്യക്ക് കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ്. ഇത് ‘ആത്മനിർഭർ ഭാരത്’ എന്ന ആശയത്തിൻ്റെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാണ്.
ഇന്ത്യക്ക് എങ്ങനെയാണ് തേജസ് ഒരു രക്ഷാകവചമാകുന്നത്?
പതിറ്റാണ്ടുകളായി ഇന്ത്യൻ വ്യോമസേന ഉപയോഗിക്കുന്ന, റഷ്യൻ നിർമ്മിത മിഗ്-21 വിമാനങ്ങൾക്ക് പകരക്കാരനായാണ് തേജസ് വരുന്നത്.
നിലവിൽ വ്യോമസേനയ്ക്ക് അംഗീകൃത സ്ക്വാഡ്രണുകളേക്കാൾ കുറവ് വിമാനങ്ങളാണുള്ളത്. 180-ലധികം തേജസ് മാർക്ക് 1A വിമാനങ്ങൾ സേനയുടെ ഭാഗമാകുന്നതോടെ ഈ കുറവ് നികത്താനും, പാകിസ്താൻ, ചൈന എന്നീ രണ്ട് അതിർത്തികളിലും ഒരേ സമയം ശ്രദ്ധ കേന്ദ്രീകരിക്കാനും ഇന്ത്യക്ക് സാധിക്കും.
വിദേശത്ത് നിന്ന് കോടികൾ മുടക്കി യുദ്ധവിമാനങ്ങൾ വാങ്ങുന്നതിനേക്കാൾ വളരെ ചെലവ് കുറഞ്ഞ മാർഗ്ഗമാണ് തദ്ദേശീയമായി നിർമ്മിക്കുന്ന തേജസ്. ഇത് രാജ്യത്തിൻ്റെ ഭീമമായ പ്രതിരോധ ബഡ്ജറ്റിൽ വലിയ ലാഭമുണ്ടാക്കാൻ സഹായിക്കും.
അർജൻ്റീന, ഈജിപ്ത്, മലേഷ്യ തുടങ്ങിയ നിരവധി രാജ്യങ്ങൾ തേജസ് വിമാനം വാങ്ങാൻ താൽപ്പര്യം പ്രകടിപ്പിച്ചു കഴിഞ്ഞു. ഭാവിയിൽ ലോകത്തിലെ പ്രമുഖ യുദ്ധവിമാന വിപണികളിൽ ഇന്ത്യയുടെ തേജസ് ഒരു പ്രധാനിയായി മാറിയാൽ അത്ഭുതപ്പെടാനില്ല.
ഇത് ഇന്ത്യൻ വ്യോമസേനയുടെ ‘ഗെയിം ചേഞ്ചർ’ തന്നെയാണ്. ശത്രുക്കളുടെ ഉറക്കം കെടുത്തുന്ന, ഇന്ത്യൻ ജനതയുടെ അഭിമാനം വാനോളമുയർത്തുന്ന ഈ ‘പ്രകാശം’ ഇന്ത്യൻ ആകാശത്ത് സുരക്ഷയുടെ പുതിയൊരു അധ്യായം എഴുതിച്ചേർക്കുകയാണ്.




