കോഴിക്കോട്: മൂഴിക്കലിൽ ഈ മാസം 14-ന് ഉണ്ടായ ഇരട്ടമരണ കേസിൽ ദുരൂഹത തുടരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കിണറ്റിൽ നിന്ന് കണ്ടെത്തിയ മൂന്ന് മൊബൈൽ ഫോണുകളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
ഇവയിൽ നസ്രീനയുടെ ഫോണിൽ നിന്ന് പുലർച്ചെ 1.30നും 2നും ഇടയിൽ നല്ലളത്തെ ഒരു യുവാവിന് സന്ദേശങ്ങൾ അയച്ചതായി പൊലീസ് കണ്ടെത്തി. “അദ്നാനെ അറിയാമോ” എന്ന ചോദ്യത്തോടെ തുടങ്ങിയ സന്ദേശങ്ങളിൽ, “അദ്നാൻ മരിച്ചു, ഇനി പണം കിട്ടില്ല” എന്ന വിവരവും നൽകിയിട്ടുണ്ട്. യുവാവ് തിരിച്ചു വിളിച്ചെങ്കിലും ഫോൺ എടുത്തില്ല.
അദ്നാൻ മുമ്പ് ഈ യുവാവിൽ നിന്ന് ബൈക്ക് വാടകയ്ക്ക് എടുത്തിരുന്നുവെന്നും, ബൈക്കിന് കേടുപാടുണ്ടായതിനാൽ 1000 രൂപ നൽകാനുണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു. ഇതിന് ഉറപ്പായി അദ്നാൻ തന്റെ ലൈസൻസും അമ്മയുടെ ഫോണും യുവാവിന് നൽകിയിരുന്നതായി കണ്ടെത്തി. നസ്രീന മരിച്ചതിന് ശേഷം അദ്നാൻ തന്നെയാകാം ഈ സന്ദേശങ്ങൾ അയച്ചതെന്ന സംശയത്തിലാണ് പൊലീസ്. സന്ദേശങ്ങളുടെ ഭാഷാശൈലിയും ഇതിന് അടിസ്ഥാനമാക്കുന്നു.
കിണറ്റിൽ നിന്ന് കണ്ടെത്തിയ മൂന്ന് ഫോണുകളിൽ രണ്ട് ഫോണുകൾ പ്രവർത്തനക്ഷമമാണെന്നും, അദ്നാന്റേതെന്ന് കരുതുന്ന ഫോണിൽ സിം മാറ്റിയ നിലയിലായിരുന്നുവെന്നും പൊലീസ് അറിയിച്ചു. ഫോണുകളുടെ സൈബർ പരിശോധന തുടരുകയാണ്. ഫോണുകൾ കിണറ്റിൽ എങ്ങനെ എത്തിയെന്നത് കണ്ടെത്താൻ നസ്രീനയുടെയും അദ്നാന്റെയും ബന്ധുക്കളുടെയും പ്രദേശവാസികളുടെയും മൊഴി പൊലീസ് രേഖപ്പെടുത്തുന്നു.
പുലർച്ചെ 1നും 4.30നും ഇടയിൽ വീട്ടിലെ രണ്ട് മുറികളിൽ നസ്രീന (16), അദ്നാൻ എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തിയെന്നാണ് പ്രാഥമിക റിപ്പോർട്ട്. നസ്രീനയെ ശ്വാസംമുട്ടിച്ച് കൊന്നശേഷം അദ്നാൻ സ്വയം മുഖത്ത് ടേപ്പ് ഒട്ടിച്ച് മരിച്ചിരിക്കാമെന്നാണ് പൊലീസ് നിഗമനം. അദ്നാന്റെ മൃതദേഹം കണ്ടെത്തിയ മുറി അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. പൊലീസ് വാതിൽ പൊളിച്ചാണ് അകത്ത് കടന്നത്. അന്വേഷണം തുടരുകയാണ്.




