ദോഹ: ഖത്തറിലെ പ്രവാസികൾക്ക് ആശ്വാസമായി സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ ചികിത്സ തേടാനുള്ള നടപടിക്രമങ്ങൾ ലളിതമാക്കി പൊതുജനാരോഗ്യ മന്ത്രാലയം. ഇനി മുതൽ ഹമദ് മെഡിക്കൽ കോർപ്പറേഷൻ (HMC), പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ (PHCC) എന്നിവയുൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ ചികിത്സയ്ക്കായി എത്തുന്നവർ ഹെൽത്ത് കാർഡ് കൈവശം വയ്ക്കേണ്ടതില്ല; പകരം ഖത്തർ ഐഡി (QID) കാണിച്ചാൽ മതിയാകും. ഇതുസംബന്ധിച്ച് പൊതുജനാരോഗ്യ മന്ത്രി മൻസൂർ ബിൻ ഇബ്രാഹിം ബിൻ സഅദ് അൽ മഹ്മൂദ് ഉത്തരവ് പുറപ്പെടുവിച്ചു.
പുതിയ തീരുമാനം പ്രകാരം ഹെൽത്ത് കാർഡുകൾ അച്ചടിച്ച് വിതരണം ചെയ്യുന്ന സംവിധാനം പൂർണ്ണമായും നിർത്തലാക്കി. മുമ്പ് സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ സബ്‌സിഡി നിരക്കിൽ സേവനങ്ങൾ ലഭിക്കാൻ ഹെൽത്ത് കാർഡ് നിർബന്ധമായിരുന്നു. ഇപ്പോൾ ഹെൽത്ത് കാർഡ് വിവരങ്ങൾ ഖത്തർ ഐഡി നമ്പറുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാൽ സിസ്റ്റം വഴി വിവരങ്ങൾ വേഗത്തിൽ പരിശോധിക്കാനാകും. അതിനാൽ സർക്കാർ ആശുപത്രികളിലും ക്ലിനിക്കുകളിലും ചികിത്സയ്ക്കായി എത്തുമ്പോൾ ഖത്തർ ഐഡി നിർബന്ധമായും കൈവശം വെക്കണം.
ഹെൽത്ത് കാർഡ് അച്ചടിക്കൽ നിർത്തിയെങ്കിലും വാർഷിക പുതുക്കൽ ഫീസ് പഴയപടി തുടരും. സാധാരണ പ്രവാസികൾക്ക് 100 റിയാലും, ഗാർഹിക തൊഴിലാളികൾക്ക് 50 റിയാലുമാണ് പുതുക്കൽ ഫീസ്. കുറഞ്ഞ നിരക്കിൽ സേവനം ലഭിക്കാൻ ഹെൽത്ത് കാർഡ് പുതുക്കിയിരിക്കണം. ‘ഹുക്കൂമി’ പോർട്ടൽ അല്ലെങ്കിൽ Nar’aakom ആപ്പ് വഴി ഓൺലൈനായി പുതുക്കൽ നടത്താം.
ആരോഗ്യ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുകയും സർക്കാർ രേഖകൾ ഏകീകരിക്കുകയും രോഗികൾക്ക് വേഗത്തിൽ ചികിത്സ ലഭ്യമാക്കുകയും ചെയ്യുന്നതാണ് ഈ പരിഷ്കാരത്തിന്റെ ലക്ഷ്യം. മുമ്പ് ഖത്തർ പൗരന്മാർക്ക് മാത്രമുണ്ടായിരുന്ന ഈ സൗകര്യം ഇപ്പോൾ പ്രവാസികൾ ഉൾപ്പെടെ എല്ലാ താമസക്കാരിലേക്കും വ്യാപിപ്പിച്ചതോടെ നടപടിക്രമങ്ങൾ കൂടുതൽ ലളിതമായി.




