ആഗോള ടെക് കമ്പനിയായ മെറ്റ വലിയ തോതിലുള്ള പിരിച്ചുവിടലിന് ഒരുങ്ങുന്നു. ആദ്യഘട്ടത്തിൽ ഏകദേശം 8,000 ജീവനക്കാരെ ബാധിക്കുന്ന നടപടിയാണ് പ്രതീക്ഷിക്കുന്നത്. ആഗോള തലത്തിൽ മൊത്തം ജീവനക്കാരിൽ ഏകദേശം 10 ശതമാനം പേരെ പുറത്താക്കാനാണ് നീക്കം. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം പിരിച്ചുവിടൽ മെയ് 20 മുതൽ ആരംഭിക്കാം. എന്നാൽ ഇതുസംബന്ധിച്ച് മെറ്റ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.
2023 ഡിസംബർ 31-നുള്ള കണക്കുപ്രകാരം മെറ്റയിൽ ഏകദേശം 79,000 ജീവനക്കാരുണ്ട്. കമ്പനി നിർമിതബുദ്ധി (എഐ) മേഖലയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനോടനുബന്ധിച്ചാണ് ഈ പുനഃസംഘടന. ഈ വർഷം മാത്രം എഐ മേഖലയിൽ 135 ബില്ല്യൺ ഡോളർ നിക്ഷേപിക്കാനാണ് മെറ്റയുടെ പദ്ധതി. 2028ഓടെ അമേരിക്കയിലെ എഐ അടിസ്ഥാന സൗകര്യ വികസനത്തിനായി 600 ബില്ല്യൺ ഡോളർ ചെലവഴിക്കാനും ലക്ഷ്യമിടുന്നു.
ഇതിനോടൊപ്പം, കോഡിംഗ് പോലുള്ള സങ്കീർണ്ണ ജോലികൾ ചെയ്യാൻ കഴിവുള്ള എഐ സംവിധാനങ്ങൾ കമ്പനി വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങിക്കഴിഞ്ഞു. ഇതോടെ ചില ജോലികൾക്ക് മനുഷ്യരുടെ ആവശ്യം കുറയുമെന്നാണ് വിലയിരുത്തൽ. ഇതിന് മുമ്പ് ജനുവരിയിൽ മെറ്റയുടെ റിയാലിറ്റി ലാബ്‌സ് വിഭാഗത്തിൽ നിന്ന് 1,000-ൽ അധികം ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഇപ്പോഴത്തെ നീക്കം അടുത്തകാലത്തെ ഏറ്റവും വലിയ ടെക് പിരിച്ചുവിടലുകളിൽ ഒന്നായിരിക്കും. ഇതോടെ മാത്രം നിർത്താതെ 2026ന്റെ രണ്ടാം പകുതിയിലും കൂടുതൽ പിരിച്ചുവിടലുകൾ ഉണ്ടാകാമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.




