ചെന്നൈ: പഠിക്കാത്തതിന് ശകാരിച്ചതിന്റെ ദേഷ്യത്തിൽ പതിന്നാലുകാരൻ അമ്മയെ തല്ലിക്കൊന്നു. കള്ളക്കുറിച്ചി ജില്ലയിലെ ഉളുന്ദൂർപേട്ടിലായിരുന്നു സംഭവം. കീഴ്കുപ്പം വേലൂരിൽ താമസിക്കുന്ന ലോറി ഡ്രൈവർ ഗുണശേഖരന്റെ ഭാര്യ മഹേശ്വരിയാണ് (40) കൊല്ലപ്പെട്ടത്. തുടർന്ന് 14 വയസ്സുള്ള മകനെ പോലീസ് അറസ്റ്റുചെയ്തു.
പഠിക്കാത്തതിന് നിരന്തരം ശകാരിച്ചതിനാൽ അമ്മയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പതിന്നാലുകാരൻ മൊഴിനൽകി. മാതാപിതാക്കൾ വഴക്കുണ്ടാക്കുന്നതും കുട്ടിയെ അസ്വസ്ഥനാക്കിയിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. കൃഷിയിടത്തേക്ക് പോയ മഹേശ്വരി തിരിച്ചെത്താത്തതിനെത്തുടർന്നു നടത്തിയ തിരച്ചിലിലാണ് ഗുരുതര മുറിവുകളോടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഉളുന്തൂർപ്പേട്ട സർക്കാർ ആശുപത്രിയിലേക്കു മാറ്റി. സംഭവത്തിൽ തിരുനാവലൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഗുണശേഖരൻ-മഹേശ്വരി ദമ്പതിമാർക്ക് 16 വയസ്സുള്ള ഒരു മകളുമുണ്ട്.




