ദുബായ്: ദീപാവലി ആഘോഷത്തിനിടെ ദുബായിൽ ഇന്ത്യൻ വിദ്യാർത്ഥി ഹൃദയാഘാതം മൂലം മരിച്ചു. ആലപ്പുഴ മാവേലിക്കര സ്വദേശി വൈഷ്ണവ് കൃഷ്ണകുമാർ ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ദുബായ് ഇൻ്റർനാഷണൽ അക്കാദമിക് സിറ്റിയിൽ നടന്ന ദീപാവലി ആഘോഷങ്ങളിൽ പങ്കെടുത്ത വൈഷ്ണവ് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമായി ഡോക്ടർമാർ രേഖപ്പെടുത്തിയത്.
ദുബായ് മിഡിൽസെക്സ് യൂണിവേഴ്സിറ്റിയിലെ ബി.ബി.എ. മാർക്കറ്റിങ് ഒന്നാം വർഷ വിദ്യാർത്ഥിയാണ് വൈഷ്ണവ്. പഠനത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചതിന് ഗോൾഡൻ വീസ ലഭിച്ചിട്ടുണ്ട്. മാതാപിതാക്കൾ ദുബായിൽ കഴിഞ്ഞ 20 വർഷമായി താമസിച്ചുവരികയാണ്. വൈഷ്ണവ് പതിവായി വ്യായാമം ചെയ്യുകയും ആരോഗ്യത്തിന് ശ്രദ്ധ പുലർത്തുകയും ചെയ്തിരുന്നു, എന്നാൽ ഹൃദയസംബന്ധിയായ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെന്നാണ് കുടുംബം പറയുന്നത്. ദുബായ് പൊലീസ് ഫോറൻസിക് വിഭാഗം മരണകാരണം സംബന്ധിച്ച് കൂടുതൽ പരിശോധനകൾ നടത്തുകയാണ്. നിയമ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും.




