കുവൈത്ത് സിറ്റി: കുവൈത്തിൽ സുരക്ഷാ പരിശോധനക്കിടെ നിയമലംഘനം നടത്തിയ 23 പ്രവാസികളെ നാടുകടത്താൻ തീരുമാനിച്ചു. റോഡ് സുരക്ഷ വർധിപ്പിക്കുകയും ഗതാഗത നിയമലംഘനങ്ങൾ തടയുകയും അച്ചടക്കം പാലിക്കുവാൻ സാധിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി, ജനറൽ ട്രാഫിക് വകുപ്പ് ജലീബ് അൽ ഷുയൂഖ് പ്രദേശത്തെ വ്യവസായ വർക്ക്ഷോപ്പുകൾ ലക്ഷ്യമിട്ട് നടത്തിയ പരിശോധനയിലാണിത്.
വാണിജ്യ വ്യവസായ മന്ത്രാലയത്തിൻ്റെയും കുവൈത്ത് മുനിസിപ്പാലിറ്റിയുടെയും സഹകരണത്തോടെ നടത്തിയ ഓപ്പറേഷനിൽ ട്രാഫിക് റെഗുലേഷൻസ് വിഭാഗത്തിന്റെ ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റിലെ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ബദർ ഗാസി അൽ-ഖത്താൻ പങ്കെടുത്തു. പരിശോധനയിൽ 55 വ്യത്യസ്ത ഗതാഗത നിയമലംഘനങ്ങൾ രേഖപ്പെടുത്തിയിരുന്നു. താമസ നിയമങ്ങൾ ലംഘിച്ച 23 പേർ അറസ്റ്റിലായി. അവരുടെ നാടുകടത്തലിനുള്ള നടപടികൾ ആരംഭിച്ചു. കൂടാതെ നിയമലംഘനങ്ങൾ നടത്തിയ വർക്ക്ഷോപ്പുകൾക്ക് വാണിജ്യ വ്യവസായ മന്ത്രാലയം പിഴ ഈടാക്കി മുന്നറിയിപ്പ് നൽകി.
പൊതു ക്രമസമാധാനം നിലനിർത്തുന്നതിനും റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും, ബന്ധപ്പെട്ട അധികാരികളുമായി സഹകരിച്ച് എല്ലാ നിയമലംഘനങ്ങളും പരിഹരിക്കുന്നതിന് ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രതിബദ്ധതയെയാണ് ഈ സംയുക്ത പരിശോധനാ ക്യാമ്പയിനുകൾ പ്രതിഫലിപ്പിക്കുന്നത് എന്ന് ജനറൽ ട്രാഫിക് വകുപ്പ് അറിയിച്ചു.




