മലപ്പുറം: ഐക്കരപടി കുറിയേടത്ത് വയോധികയുടെ മൃതദേഹം ദുരൂഹ സാഹചര്യത്തിൽ കിണറ്റിൽ കണ്ടെത്തി. സംഭവുമായി ബന്ധപ്പെട്ട് കൊണ്ടോട്ടി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
രാവിലെ വീടിനടുത്തുള്ള ഒഴിഞ്ഞ പറമ്പിലെ കിണറ്റിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. അഴുകിയ നിലയിലായിരുന്നു മൃതദേഹം. കുടിവെള്ളത്തിനായി ഉപയോഗിക്കാത്ത കിണർ അയൽവാസികൾ ഇടയ്ക്കു പറമ്പ് നന്നാക്കാനോ വസ്ത്രം കഴുകാനോ ഉപയോഗിച്ചിരുന്നതായി പൊലീസ് അറിയിച്ചു. വെള്ളം എടുക്കാനെത്തിയ ഒരാൾ കിണറിൽ നിന്ന് ദുര്‍ഗന്ധം വരുന്നത് ശ്രദ്ധിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് അഗ്നിശമനസേനയും പൊലീസും ചേർന്ന് മൃതദേഹം പുറത്തെടുത്തു.
അവിവാഹിതയായ വയോധിക ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. ഞായറാഴ്ച വൈകിട്ട് ഇവരെ വീട്ടിൽ കണ്ടതായി നാട്ടുകാർ അറിയിച്ചു. അതിനുശേഷം ആരും കണ്ടിട്ടില്ല. അസ്വാഭാവിക മരണമായി കേസ് എടുത്ത് കൊണ്ടോട്ടി പൊലീസ് അന്വേഷണം തുടരുകയാണ്.




