തിരുവനന്തപുരം: ശബരിമല സ്വർണക്കൊളളക്കേസിൽ രണ്ടാം പ്രതിയും മുൻ എക്സിക്യൂട്ടീവ് ഓഫീസറുമായ മുരാരി ബാബുവിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. രാവിലെ റാന്നി കോടതിയിൽ ഹാജരാക്കാനാണ് എസ്ഐടിയുടെ തീരുമാനം. കട്ടിളപ്പാളി തട്ടിയ കേസിലും മുരാരി ബാബുവിന്റെ അറസ്റ്റ് ഇതിനോടകം രേഖപ്പെടുത്തിയിട്ടുണ്ട്.
ഇതിനിടെ, ഇന്നലെ കോടതി റിമാൻഡ് ചെയ്ത ഉണ്ണികൃഷ്ണൻ പോറ്റിയെ തിങ്കളാഴ്ച വീണ്ടും കോടതിയിൽ ഹാജരാക്കും. അതേദിവസം കട്ടിളപ്പാളി തട്ടിയ കേസിലും അദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്താൻ സാധ്യതയുണ്ട്. തുടർന്നായിരിക്കും സന്നിധാനത്ത് തെളിവെടുപ്പ് നടക്കുക. നിലവിൽ പോറ്റി തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിലാണ്.
കേസിൽ പ്രതികളായ നരേഷ്, ഗോവർധൻ എന്നിവരെയും എസ്ഐടി അടുത്ത ദിവസങ്ങളിൽ വീണ്ടും ചോദ്യം ചെയ്യും. ഇരുവരെയും ഒരുമിച്ചാണ് കഴിഞ്ഞ ദിവസങ്ങളിൽ ചോദ്യം ചെയ്തിരുന്നത്. സ്വർണപാളികൾ ചെമ്പ് പാളികൾ ആയി രേഖപ്പെടുത്തിയതിലെ ഗൂഢാലോചനയാണ് അന്വേഷണത്തിന്റെ പ്രധാന ഭാഗം. ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ ഉണ്ണികൃഷ്ണൻ പോറ്റിയും സംഘവും കവർച്ച ചെയ്ത സ്വർണത്തിന് തുല്യമായ സ്വർണം എസ്ഐടി കണ്ടെത്തിയിരുന്നു.
ദേവസ്വം ഉദ്യോഗസ്ഥരോട് എസ്ഐടി കർശന നിലപാട് സ്വീകരിച്ചിരിക്കുകയാണ്. ആവശ്യമായ രേഖകൾ കൈമാറാത്ത ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി. 1999-ൽ വിജയ് മല്യ സ്വർണം പൊതിഞ്ഞതുമായി ബന്ധപ്പെട്ട രേഖകളും ശബരിമല മരാമത്ത് രേഖകളും ഉടൻ സമർപ്പിക്കണമെന്നാവശ്യപ്പെട്ടാണ് എസ്ഐടിയുടെ നിർദ്ദേശം. രേഖകൾ ലഭ്യമാക്കാൻ ഇനി കൂടുതൽ സമയം നൽകാനാവില്ലെന്നും അന്വേഷണം വേഗത്തിലാക്കുമെന്നും എസ്ഐടി വ്യക്തമാക്കി.


