മസ്‌കറ്റ്: അക്കാദമിക് പ്രസിദ്ധീകരണത്തിന്റെ ഗുണനിലവാരം ഉയർത്തുന്നതിനെക്കുറിച്ചുള്ള ഒമാനിലെ ആദ്യ ദേശീയ ശാസ്ത്ര ജേണൽ ഫോറം മസ്‌കറ്റിൽ സമാപിച്ചു. ശാസ്ത്ര ജേണൽ കൈകാര്യം ചെയ്യാനും ഗുണനിലവാരം മെച്ചപ്പെടുത്താനും നൂതനരീതി സ്വീകരിക്കുന്നതിൽ ഊന്നൽ നൽകുന്നതായിരുന്നു ഫോറം.
ഉന്നതവിദ്യാഭ്യാസ ഗവേഷണ മന്ത്രാലയവും മോഡേൺ കോളേജ് ഓഫ് ബിസിനസ് ആൻഡ് സയൻസും സംയുക്തമായി സംഘടിപ്പിച്ച ദ്വിദിന ഫോറം മന്ത്രാലയ അണ്ടർസെക്രട്ടറി ഡോ. സെയ്ഫ് ബിൻ അബ്ദുള്ള അൽ ഹദബി ഉദ്ഘാടനം ചെയ്തു.
അക്കാദമിക് സമഗ്രത കാത്തുസൂക്ഷിക്കുന്നതിൽ ശാസ്ത്ര ജേണലുകളുടെ പങ്ക്, ഒമാനി സർവകലാശാലകളുടെ ആഗോള റാങ്കിങ് മെച്ചപ്പെടുത്താനുള്ള മാർഗങ്ങൾ, പ്രസിദ്ധീകരണ പ്ലാറ്റ്‌ഫോമുകൾ നേരിടുന്ന സാങ്കേതിക വെല്ലുവിളികൾ എന്നിവ ചർച്ചയായി. ശാസ്ത്ര മാസികകളുടെ ഗുണനിലവാരം വർധിപ്പിക്കുന്നതിന് തന്ത്രങ്ങൾ രൂപപ്പെടുത്തുന്ന വർക്ക്‌ഷോപ്പുകളും ഫോറത്തിന്റെ ഭാഗമായി.
ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും ഗവേഷണ കേന്ദ്രങ്ങളും പ്രസിദ്ധീകരിച്ച ജേണൽ മാതൃകകൾ പ്രദർശനത്തിന് വെച്ചിരുന്നു. ശാസ്ത്രീയ പ്രസിദ്ധീകരണ ഗുണനിലവാരം ഉയർത്താനുള്ള പ്രവർത്തനങ്ങളിലെ പുരോഗതിയും അക്കാദമിക് പ്രബന്ധങ്ങളടങ്ങിയ സെഷനുകളും ഫോറത്തിൽ അരങ്ങേറി.


