പാലക്കാട്: ചികിത്സാ പിഴവിനെ തുടർന്ന് കൈ മുറിച്ച് മാറ്റേണ്ടി വന്ന ഒൻപതു വയസുകാരി ഇന്ന് ആശുപത്രി വിട്ടേക്കും. കഴിഞ്ഞ ഒരു മാസമായി കോഴിക്കോട് മെഡിക്കൽ കോളേജിലാണ് കുട്ടി ചികിത്സയിൽ കഴിഞ്ഞത്.
സെപ്റ്റംബർ 24 ന് സഹോദരനൊപ്പം കളിക്കുന്നതിനിടെയാണ് പരിക്കേറ്റത്. ആദ്യം ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയെങ്കിലും കൈ ഒടിഞ്ഞതിനാൽ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കൈക്ക് പ്ലാസ്റ്റർ ഇട്ടെങ്കിലും പിന്നീട് വിരലുകളിൽ കുമിള പൊന്തുകയും, കൈ അഴുകിയ നിലയിൽ എത്തിയതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. പിന്നീട് കൈ മുറിച്ചു മാറ്റേണ്ടി വന്നു.
ഗുരുതരമായ ചികിത്സാ പിഴവിന്മേൽ ഇതുവരെ ശക്തമായ നടപടി ഉണ്ടായിട്ടില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. സർക്കാരിനെയും ആരോഗ്യ വകുപ്പിനെയും സമീപിച്ചിട്ടും ചികിത്സാ ചെലവിനോ മുന്നോട്ടുള്ള സഹായത്തിനോ പിന്തുണ ലഭിച്ചിട്ടില്ലെന്നും കുടുംബം പറയുന്നു.
സംഭവത്തിൽ പ്രതികരണമായി ആരോഗ്യവകുപ്പ് ജില്ലാശുപത്രിയിലെ രണ്ട് ഡോക്ടർമാരെ സസ്പെൻഡ് ചെയ്തിരുന്നുവെങ്കിലും കുടുംബം കുറ്റക്കാരെതിരെ കടുത്ത നടപടി വേണമെന്നും ധനസഹായം ലഭ്യമാക്കണമെന്നും ആവശ്യമുന്നയിച്ചു. കുടുംബം നൽകിയ പരാതിയെ തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.




