തിരുവനന്തപുരം: സ്കൂളുകളിലെ ഏകീകൃത പ്രാർത്ഥനാ വിഷയത്തിൽ പ്രതികരിച്ച് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഇതു സംബന്ധിച്ച തീരുമാനം ചർച്ചകളിലൂടെ മാത്രമേ എടുക്കൂ. ഇതിനകം പ്രഖ്യാപിച്ചത് നിർദേശമല്ല, ചർച്ചയ്ക്കായുള്ള അഭിപ്രായപ്രകടനമാണെന്നും മന്ത്രി വ്യക്തമാക്കി.
മതനിരപേക്ഷ സമൂഹത്തിൽ ചില മാറ്റങ്ങൾ അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി, ഏകീകരണം വേണമോ വേണ്ടയോ എന്നത് വിദ്യാഭ്യാസ രംഗത്തെ വിവിധ വിഭാഗങ്ങളുമായി സംവദിച്ചാണ് തീരുമാനിക്കേണ്ടതെന്നും പറഞ്ഞു.
വന്ദേ മാതരം ഉൾപ്പെടുത്താനുള്ള നിർദേശത്തോട് മന്ത്രി വിയോജിപ്പ് രേഖപ്പെടുത്തി. ദേശീയഗാനം, എൻഎസ്എസ് ഗീതം പോലുള്ള പൊതുഗീതങ്ങൾ പരിഗണിക്കാമെന്നും ആശയപരമായ ചർച്ചകൾ ഈ വിഷയത്തിൽ മുന്നോട്ടു പോകട്ടെയെന്നും മന്ത്രി കൂട്ടിച്ചേർത്തു.










