കോഴിക്കോട്: കോഴിക്കോട് ഡിസിസി ജനറൽ സെക്രട്ടറി എൻ.വി. ബാബുരാജ് കോൺഗ്രസിൽ നിന്നു രാജിവച്ചു. കോർപ്പറേഷൻ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയം മാർഗരേഖലംഘനത്തോടെ നടത്തിയതിനെതിരെയുള്ള പ്രതിഷേധമാണ് രാജിക്ക് പിന്നിൽ.
എരഞ്ഞിപ്പാലം വാർഡിൽ കെപിസിസിയുടെ ഔദ്യോഗിക മാർഗരേഖ അട്ടിമറിച്ചുവെന്നും വാർഡ് കമ്മിറ്റി ശിപാർശ ചെയ്ത പേരുകൾ അവഗണിച്ചുവെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ആരോപിച്ചു. പരാജയം ഭയന്ന് കെപിസിസി ജനറൽ സെക്രട്ടറി മറ്റൊരു വാർഡിലേക്ക് മാറിയതായും എരഞ്ഞിപ്പാലത്തിൽ ബന്ധമില്ലാത്ത മുൻ ബ്ലോക്ക് സെക്രട്ടറിയെ സ്ഥാനാർഥിയാക്കിയതായും ബാബുരാജ് പറഞ്ഞു.
ഗ്രൂപ്പ് രാഷ്ട്രീയത്തിൽ ഏർപ്പെടാത്തവർക്കും അഴിമതിക്കെതിരെ നിലപാട് സ്വീകരിക്കുന്നവർക്കും പാർട്ടിയിൽ പരിഗണനയില്ലെന്ന് വിമർശിച്ച ബാബുരാജ്, കോഴിക്കോട് സിപിഎം–കോൺഗ്രസ് നെക്സസ് അഴിമതിക്ക് വഴിയൊരുക്കുന്നുണ്ടെന്നും ആരോപിച്ചു.
ഇപ്പോൾ തന്നെ മറ്റൊരു പാർട്ടിയിൽ ചേരാനോ രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കാനോ താത്പര്യമില്ലെന്നും കോൺഗ്രസിൽ പ്രതികരിക്കാൻ ആളുകൾ പോലും ഇല്ലാതായ സാഹചര്യമാണെന്നും ബാബുരാജ് അഭിപ്രായപ്പെട്ടു.






