കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിൽ ഇരുമുന്നണികളെയും ഒരുപോലെ അലട്ടുന്നത് സ്ഥാനാർത്ഥി മോഹികളുടെ ബാഹുല്യവും തുടരുന്ന വിമത ഭീഷണിയുമാണ്. സ്ഥാനാർത്ഥികൾ പ്രചാരണരംഗത്ത് സജീവമായിട്ടും മുന്നണികൾക്കുള്ളിലെ പൊട്ടിത്തെറിയും കലഹവും കെട്ടടങ്ങുന്നില്ല.
യു.ഡി.എഫിലാണ് വിമതനീക്കം കൂടുതൽ രൂക്ഷം. മുൻ ജില്ലാ പഞ്ചായത്തംഗം റെജി എം ഫിലിപ്പോസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാകാനുള്ള ആഗ്രഹം നിഷേധിച്ചെന്ന് ആരോപിച്ച് ചാണ്ടി ഉമ്മനെതിരെ പരസ്യമായി ഫേസ്ബുക്കിൽ പോസ്റ്റിട്ടത് നേതൃത്വത്തിന് തലവേദനയായി. കോട്ടയം നഗരസഭയിൽ യൂത്ത് കോൺഗ്രസിനെ തഴഞ്ഞതിലും അതിരമ്പുഴ പഞ്ചായത്തിലെ സീറ്റ് വിഭജനത്തിലും പ്രതിഷേധം കനക്കുകയാണ്.
കുറിച്ചി, കുമരകം, എരുമേലി, പൊൻകുന്നം എന്നിവിടങ്ങളിൽ ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി നിർണയം വൈകുന്നത് തർക്കം മൂലമാണ്. പുതുപ്പള്ളി ഡിവിഷൻ പ്രതീക്ഷിച്ചിരുന്ന സുധാ കുര്യന് സീറ്റില്ലാതായതും, പാമ്പാടി ബ്ലോക്കിലെ സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലിയുള്ള പ്രതിഷേധവും യു.ഡി.എഫിലെ പ്രതിസന്ധി വർദ്ധിപ്പിക്കുന്നു.
നിലവിലെ ജനപ്രതിനിധികൾ പോലും വാട്‌സ്ആപ്പിലൂടെ പ്രതിഷേധം അറിയിക്കുന്നുണ്ട്. അതിരമ്പുഴയിൽ ഒരേ വാർഡിലേക്ക് ഒന്നിലധികം യു.ഡി.എഫ്. സ്ഥാനാർത്ഥികൾ എന്ന നിലയിൽ പോസ്റ്റർ യുദ്ധം നവമാധ്യമങ്ങളിൽ കൊഴുക്കുകയാണ്. കോട്ടയം നഗരസഭയിലെ ചെയർമാൻ സ്ഥാനം ജനറലായതോടെ മുതിർന്ന നേതാക്കൾ സീറ്റിനായി തത്രപ്പെടുന്നുണ്ടെങ്കിലും വിമത ഭീഷണി ഭയന്ന് പലരും പ്രചാരണം ആരംഭിച്ചിട്ടില്ല.
അതേസമയം, പരസ്യ പ്രതിഷേധങ്ങൾ കുറവാണെങ്കിലും എൽ.ഡി.എഫിലും ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി പട്ടിക പൂർത്തിയാക്കാൻ കടുത്ത ബുദ്ധിമുട്ടാണ് നേരിട്ടത്. യു.ഡി.എഫിന്റെ സ്ഥാനാർത്ഥി പട്ടിക നോക്കി തന്ത്രങ്ങൾ മെനയാനുള്ള നീക്കം പടിഞ്ഞാറൻ മേഖലയിലടക്കം തർക്കങ്ങൾ ഉടലെടുത്തതോടെ പാളി. പല പഞ്ചായത്തുകളിലും കടുത്ത വാഗ്വാദങ്ങൾക്കൊടുവിലാണ് സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കിയത്. എൻ.ഡി.എ. മുന്നണിയിലും തർക്കങ്ങൾ പരിഹരിക്കാനായിട്ടില്ല.
പള്ളിക്കത്തോട് പഞ്ചായത്തിലും ചങ്ങനാശേരി നഗരസഭയിലും ബി.ഡി.ജെ.എസുമായി സീറ്റിന്റെ പേരിൽ തർക്കം നിലനിൽക്കുകയാണ്. പള്ളിക്കത്തോട് പഞ്ചായത്തിൽ ബി.ഡി.ജെ.എസിന് നാല് സീറ്റ് നൽകാനാണ് നിലവിലെ തീരുമാനം. മുന്നണി ഭേദമെന്യേ പലരും ഇന്നും നാളെയുമായി പരസ്യപ്രതികരണവുമായി രംഗത്തുവരുമെന്നാണ് സൂചന. ഇവരിൽ ചിലരെങ്കിലും റിബൽ സ്ഥാനാർത്ഥികളാകാനും സാധ്യതയുണ്ട്.






