മലപ്പുറം: മലപ്പുറം മാറഞ്ചേരിയിൽ ഇടത് മുന്നണിയോട് തെറ്റി ആർജെഡി. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മാറഞ്ചേരി വെളിയംകോട് പഞ്ചായത്തുകളിൽ സിപിഎമ്മുമായുണ്ടായ അഭിപ്രായ ഭിന്നതയും സീറ്റ് തർക്കവും ഉൾപ്പടെയുള്ള തർക്കങ്ങളും കാരണം ആർജെഡി ഇടത് മുന്നണിയോട് സഹകരിക്കാതെ സ്വന്തമായി സ്ഥാനാർത്ഥികളെ നിർത്തും.
സിപിഎമ്മുമായി ആദ്യത്തെ ഉഭയകക്ഷി ചർച്ചയിൽ ആർജെഡി വെളിയംകോട് പഞ്ചായത്തിൽ ഒരു സീറ്റ് ആവശ്യപ്പെട്ടിരുന്നു. പക്ഷെ പതിമൂന്നു സീറ്റിൽ സിപിഎമ്മും എട്ട് സീറ്റിൽ സിപിഐ യും മത്സരിക്കുകയും ആർജെഡി ക്ക് സീറ്റ് നിഷേധിക്കുകയും ചെയ്തു.
രാഷ്ട്രീയമായി അപമാനിക്കുന്ന ഈ നിലപാടിൽ പ്രതിഷേധിച്ചാണ് എൽഡിഫ് മുന്നണി ബന്ധം വിഛേദിക്കാൻ ആർജെഡി വെളിയംകോട് പഞ്ചായത്ത് തീരുമാനിച്ചത്. തുടർ തീരുമാനങ്ങൾ ആർജെഡി പൊന്നാനി മണ്ഡലം കമ്മിറ്റി യോഗം കൈക്കൊള്ളുമെന്നും നേതാക്കൾ അറിയിച്ചു.
മാറഞ്ചേരി ഗ്രാമപഞ്ചായത്തിൽ സിപിഎമ്മിന്റെ ഏകപക്ഷീയമായ നിലപാടിൽ പ്രതിഷേധിച്ച് ആർ.ജെ.ഡി കമ്മിറ്റി 7, 9,16 എന്നീ വാർഡുകളിൽ ഒറ്റയ്ക്ക് മത്സരിക്കാനും മറ്റു വാർഡുകളിൽ പാർട്ടിയെ ഉന്മൂലനം ചെയ്യാൻ ശ്രമിച്ചവർക്കെതിരെ പ്രവർത്തിക്കുമെന്നും മാറഞ്ചേരി പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചതായി നേതാക്കൾ പറഞ്ഞു.




