കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്തിലേക്ക് പത്തിൽ ഏഴ് സ്ഥാനാർത്ഥികളും വനിതകളായി കേരള കോൺഗ്രസ് (എം) സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.
പാർട്ടി ചെയർമാനും എം.പി.യുമായ ജോസ് കെ. മാണിയാണ് പത്ത് സ്ഥാനാർത്ഥികളേയും പ്രഖ്യാപിച്ചത്. ജനപ്രതിനിധികളായും പൊതുപ്രവർത്തകരായും പരിചയസമ്പന്നരായ സ്ഥാനാർത്ഥികളെയാണ് എൽ.ഡി.എഫിനുവേണ്ടി രംഗത്തിറക്കിയിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്റെ ഭാഗമായി കോട്ടയം ജില്ലയുടെ രാഷ്ടീയ ചിത്രം മാറ്റിമറിച്ച വിജയം മാറ്റമില്ലാതെ നിലനിർത്താൻ കേരളാ കോൺഗ്രസ് (എം) സർവ്വസജ്ജമാണെന്നും, ജില്ലയിൽ എൽ.ഡി.എഫ് ഇത്തവണയും മുന്നേറുക തന്നെ ചെയ്യുമെന്നും ജോസ് കെ. മാണി കൂട്ടിച്ചേർത്തു.
കാഞ്ഞിരപ്പിള്ളിയിൽ ജോളി മടക്കക്കുഴി, ഭരണങ്ങാനത്ത് പെണ്ണമ്മ ജോസഫ്, കിടങ്ങൂരിൽ നിമ്മി ടിങ്കിൾ രാജ്, ഉഴവൂരിൽ ഷിബി മത്തായി, കുറവിലങ്ങാട് പി.സി. കുര്യൻ, പൂഞ്ഞാറിൽ മിനി സാവിയോ, കടുത്തുരുത്തിയിൽ ഷൈനമ്മ ഷാജു, തലനാട് അമ്മിണി തോമസ്, അതിരംപുഴയിൽ ജിം അലക്സ്, അയർക്കുന്നം (പാർട്ടി സ്വതന്ത്ര) ജിലു ജോൺ എന്നിവരാണ് ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്നത്.










