പത്തനംതിട്ട: ശബരിമലയില്‍ വന്‍ ഭക്തജന തിരക്ക്. ദര്‍ശനം ലഭിക്കാതെ ഭക്തര്‍ മടങ്ങി. പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തിലെത്തി ഇരുമുടി കെട്ട് അഴിച്ച് നെയ്യഭിഷേഖം നടത്തിയാണ് ഭക്തര്‍ മാലയൂരി മടങ്ങിയത്.
ഇന്നലെ തിരക്കില്‍പെട്ട് ദര്‍ശനം നടത്താന്‍ കഴിയാതെ വന്നവരാണ് പന്തളത്തെത്തി മാലയൂരിയശേഷം മടങ്ങിയത്.
കൊല്ലം ജില്ലയിലെ പാരിപ്പള്ളിയില്‍ നിന്ന് എത്തിയ സ്ത്രീകളടക്കമുള്ള 17 അംഗ തീര്‍ത്ഥാടക സംഘമാണ് ദര്‍ശനം നടത്താതെ മടങ്ങിയത്.
ഇന്നലെ ഉച്ചയ്ക്ക് പമ്പയില്‍ എത്തിയ സംഘം മരക്കൂട്ടം വരെ എത്തിയിരുന്നു. എന്നാല്‍, തുടര്‍ന്നുള്ള മലകയറ്റം വലിയ തിരക്ക് മൂലം നടന്നില്ലെന്നും യാതൊരുവിധ സൗകര്യവും ഉണ്ടായിരുന്നില്ലെന്നും തീര്‍ത്ഥാടകര്‍ പറയുന്നു.
പന്തളത്ത് പോയി ഇരുമുടി കെട്ട് സമര്‍പ്പിച്ചാണ് സംഘം മടങ്ങിയത്.
വര്‍ഷങ്ങളായി ശബരിമലയില്‍ വന്നിട്ടും ഇങ്ങനെയൊരു അനുഭവം ആദ്യമായിട്ടാണെന്നാണ് തീര്‍ത്ഥാടകര്‍ പറയുന്നത്.
ഇന്നലെ വലിയരീതിയിലുള്ള തിരക്കുണ്ടായിരുന്നു. ഇന്നലെ രാവിലെ മുതല്‍ തിരക്ക് നിയന്ത്രണാതീതമായിരുന്നു. തുടര്‍ന്ന് ഉച്ചയ്ക്കുശേഷം ദര്‍ശന സമയവും നീട്ടിയിരുന്നു.
കഴിഞ്ഞ ദിവസവും നിരവധി പേര്‍ ദര്‍ശനം കിട്ടാതെ മടങ്ങിയ സംഭവമുണ്ടായിരുന്നു. ഇന്നലെ വൈകിട്ടോടെയാണ് കാര്യങ്ങള്‍ നിയന്ത്രണവിധേയമാക്കിയിരുന്നെങ്കിലും തിരക്ക് കുറഞ്ഞിരുന്നില്ല.
ഇന്ന് രാവിലെയോടെയാണ് നിയന്ത്രണം കടുപ്പിച്ചതോടെ കാര്യങ്ങള്‍ ഏറെക്കുറെ നിയന്ത്രണവിധേയമായത്. ഇന്ന് രാവിലെ മുതല്‍ തിരക്കുണ്ടെങ്കിലും നിയന്ത്രണവിധേയമാണ്. ഭക്തര്‍ സുഗമമായിട്ടാണ് ദര്‍ശനം നടത്തുന്നത്.






