തിരുവനന്തപുരം : റെയിൽപ്പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി തുടങ്ങിയ നെയ്യാറ്റിൻകര മേൽപ്പാലനിർമാണം സ്തംഭനത്തിൽ. നാലുമാസത്തിലേറെയായി നിർമാണം സ്തംഭനാവസ്ഥയിലായതോടെ പാതവികസനവും നിലച്ചു.
നെയ്യാറ്റിൻകര-കാട്ടാക്കട റോഡിൽ മേൽപ്പാലനിർമാണം ആരംഭിച്ചിട്ട് ഒരുവർഷത്തിലേറെയായി. തിരുവനന്തപുരം-കന്യാകുമാരി റെയിൽപ്പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായിട്ടാണ് നിലവിലെ പാലത്തിന് തൊട്ടടുത്തായി പുതിയ മേൽപ്പാലനിർമാണം ആരംഭിച്ചത്. മേൽപ്പാലത്തിന്റെ രണ്ടുവശത്തെയും തൂണുകൾ മാത്രമാണ് പൂർത്തിയായത്. ബാക്കിജോലികൾ നാലുമാസത്തിലേറെയായി മുടങ്ങിക്കിടക്കുകയാണ്.
നിലവിലെ നെയ്യാറ്റിൻകര റെയിൽവേ മേൽപ്പാലത്തിന് സമാന്തരമായിട്ടാണ് പുതിയ പാലം പണിയുന്നത്. റെയിൽപ്പാത ഇരട്ടിപ്പിക്കുമ്പോൾ നിലവിലെ മേൽപ്പാലങ്ങൾ പൊളിച്ച് പുതിയ പാലം പണിയുന്നതിന്റെ ഭാഗമായിട്ടാണ് നെയ്യാറ്റിൻകരയിലും പുതിയ പാലത്തിന്റെ നിർമാണം തുടങ്ങിയത്. പാലത്തിന്റെ രണ്ട് തൂണുകളുടെ പൈലിങ് കഴിഞ്ഞതിനുശേഷം ഏകദേശം രണ്ടുമാസത്തിലേറെ നിർമാണം മുടങ്ങിക്കിടന്നു.
ഇതിനുശേഷം വീണ്ടും പണി തുടങ്ങിയെങ്കിലും തൂണുകളുടെ കോൺക്രീറ്റിങ്ങിൽ നിർമാണം ഒതുങ്ങി. പുതിയ പാലത്തിന്റെ നിർമാണം പൂർത്തീകരിച്ചതിനു ശേഷമേ പഴയ പാലം പൊളിച്ചുനീക്കാനാകൂ, എന്നാൽ, നാലുമാസത്തിലേറെയായി നിർമാണം നിലച്ചിരിക്കുകയാണ്. ഇതുകാരണമാണ് ഈ ഭാഗത്തെ പാതവികസനവും നിലച്ചത്.




