ചെന്നൈ: രാജ്യസഭാ തിരഞ്ഞെടുപ്പിലെ ഏക സീറ്റ് കോൺഗ്രസിന് നൽകി ടിവികെ. ടിവികെ നേതാവും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ വിജയ് തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പ്രവീൺ ചക്രവർത്തിയാണ് സ്ഥാനാർഥിയാവുക എന്നാണ് വിവരം. ഞായറാഴ്ചയാണ് നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാന തീയതി.
മുൻ എഐഎഡിഎംകെ എംപി സി.വി. ഷൺമുഖം രാജിവച്ചതിനെ തുടർന്ന് ഒഴിവുവന്ന സീറ്റിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഈ മാസം 18-നാണ് വോട്ടെടുപ്പ്. ടിവികെയ്ക്ക് സ്വന്തമായി ഈ സീറ്റ് നേടാനുള്ള സാധ്യത ഉണ്ടായിരുന്നെങ്കിലും, സഖ്യധർമത്തിന്റെ ഭാഗമായാണ് കോൺഗ്രസിന് പിന്തുണ നൽകാൻ തീരുമാനിച്ചതെന്ന് വിലയിരുത്തപ്പെടുന്നു.
കോൺഗ്രസ് നേതാക്കളായ പി. ചിദംബരം, എഐസിസി തമിഴ്‌നാട് ഇൻചാർജ് ഗിരീഷ് ചോഡങ്കർ, മന്ത്രി രാജേഷ് കുമാർ എന്നിവരുടെ സംഘം സെക്രട്ടേറിയറ്റിൽ വിജയ്‌യെ കണ്ടതിന് പിന്നാലെയാണ് തീരുമാനം പ്രഖ്യാപിച്ചതെന്ന് റിപ്പോർട്ടുകളുണ്ട്.
കോൺഗ്രസിന്റെ സ്ഥാനാർഥിയായി പ്രവീൺ ചക്രവർത്തിയുടെ പേരാണ് പരിഗണനയിൽ ഉള്ളത്. എന്നാൽ അന്തിമ തീരുമാനം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി.
ഈ നീക്കം തമിഴ്‌നാട് രാഷ്ട്രീയത്തിൽ കോൺഗ്രസ്–ടിവികെ സഖ്യത്തെ കൂടുതൽ ശക്തമാക്കുന്നുവെന്ന വിലയിരുത്തലും രാഷ്ട്രീയ നിരീക്ഷകർ മുന്നോട്ടുവെക്കുന്നു.





