കോഴിക്കോട്: റെയില്‍വേ സ്റ്റേഷനു സമീപം ഓവുചാലിലൂടെ കക്കൂസ് മാലിന്യം ഉള്‍പ്പെടെ ഒഴുക്കുന്നതായി പരാതി. റെയില്‍വേ മുത്തപ്പന്‍ക്ഷേത്രത്തിനു സമീപത്തെ വടകര പഴയ ബസ്സ്റ്റാന്‍ഡ്, കോട്ടപ്പറമ്പ് തുടങ്ങിയ ഭാഗങ്ങളില്‍നിന്നുള്ള മഴവെള്ളം ഒഴുകിപ്പോകുന്നതിനുള്ള തുറന്ന അഴുക്കുചാലിലൂടെയാണ് മാലിന്യമൊഴുക്കുന്നത്. ഇവിടെനിന്നുള്ള ദുര്‍ഗന്ധം കാരണം ക്ഷേത്രത്തിലെത്തുന്നവര്‍ക്ക് ഏറെ പ്രയാസമുണ്ടാകുന്നുണ്ട്. അതേസമയം അഞ്ചുവര്‍ഷത്തോളമായി ഇതിലൂടെ മാലിന്യമൊഴുക്കാന്‍ തുടങ്ങിയിട്ടെന്നാണ് ആരോപണം. നേരത്തേ ചില സമയങ്ങളില്‍മാത്രമാണ് ഒഴുക്കിവിട്ടിരുന്നത്. ഇപ്പോള്‍ എല്ലാ ദിവസവും മാലിന്യമൊഴുക്കുന്ന അവസ്ഥയാണുള്ളത്. രാവിലെയും വൈകീട്ടുമാണ് കൂടുതലായും മാലിന്യമൊഴുക്കുന്നത്. മാത്രമല്ല പ്രദേശത്ത് കൊതുകുശല്യവും രൂക്ഷമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.
ക്ഷേത്രദര്‍ശനത്തിനും വെള്ളാട്ട് പോലെയുള്ള ഉത്സവങ്ങള്‍ നടക്കുമ്പോഴും ഒട്ടേറെ ഭക്തജനങ്ങള്‍ ക്ഷേത്രത്തിലെത്താറുണ്ട്. ഇവര്‍ക്കെല്ലാം ഇവിടെനിന്നുള്ള ദുര്‍ഗന്ധവും കൊതുകുശല്യവും വലിയ പ്രയാസമാണുണ്ടാക്കുന്നത്. മാത്രമല്ല ഓവുചാലിന് സമീപത്തുകൂടിയാണ് പാക്കയില്‍ ഭാഗത്തേക്ക് റെയില്‍വേ ഗേറ്റ് മുറിച്ചുകടന്ന് റോഡ് പോകുന്നത്. ഇതുവഴി ഒട്ടേറെ ആളുകള്‍ യാത്രചെയ്യാറുണ്ട്. മലിനജലം ഓവുചാലിലൂടെ റെയില്‍പ്പാളത്തിനടിയിലൂടെ പാക്കയില്‍ ഭാഗത്തേക്കാണ് ഒഴുകുന്നത്. പകര്‍ച്ചവ്യാധികള്‍ക്ക് ഉള്‍പ്പെടെ ഇത്തരത്തില്‍ മാലിന്യമൊഴുകുന്നത് കാരണമാകുമെന്നും നാട്ടുകാര്‍ പറയുന്നു. അതേസമയം നഗരസഭയില്‍ ഒട്ടേറെത്തവണ പരാതി നല്‍കിയിട്ടുണ്ടെന്നും വന്നുനോക്കി പോകുന്നതല്ലാതെ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് ക്ഷേത്രഭാരവാഹികൾ ഉന്നയിക്കുന്ന പരാതി. എന്നാല്‍ മൂന്നുതവണ ഇവിടെ പരിശോധന നടത്തിയതായാണ് നഗരസഭാ ആരോഗ്യവിഭാഗം അറിയിച്ചത്. ആ സമയത്ത് ഉറവിടം കണ്ടെത്താന്‍ സാധിച്ചിട്ടില്ല. പഴയസ്റ്റാന്‍ഡ് വരെയുള്ള സ്ലാബുകള്‍ മാറ്റി പരിശോധിച്ചാല്‍ മാത്രമേ ഉറവിടം കണ്ടെത്താന്‍ സാധിക്കൂവെന്നും വരുംദിവസങ്ങളില്‍ കൂടുതല്‍ പരിശോധന നടത്തുകയും സ്ലാബുകള്‍ ഉള്‍പ്പെടെ മാറ്റിപ്പരിശോധിക്കുമെന്നും ഇവര്‍ വ്യക്തമാക്കി.






