ശ്രീലങ്ക: ഡിറ്റ് വാ ചുഴലിക്കാറ്റിൽ നാശനഷ്ടം കനത്തോടെ ശ്രീലങ്കയിൽ ഡിസംബർ 4 വരെ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മരണസംഖ്യ നൂറ് കടന്നതായാണ് റിപ്പോർട്ട്. കെലനി നദിയിൽ ജലനിരപ്പ് ഉയർന്നതോടെ കൊളംബോ പ്രളയഭീതിയിലാണ്.
സ്കൂളുകൾ ഡിസംബർ 16 വരെ അടച്ചിടും. കൊളംബോ തുറമുഖവും താത്കാലികമായി പ്രവർത്തനം നിർത്തി. 700-ലധികം വീടുകൾ തകർന്നതായാണ് പ്രാഥമിക കണക്ക്.
ഇതിനിടെ, രക്ഷാപ്രവർത്തനങ്ങളിൽ ലങ്കൻ ക്രിക്കറ്റ് ടീമിന്റെ നായകൻ അസലങ്കയും സംഘത്തിലെ താരങ്ങളും സജീവമായി പങ്കെടുത്തു. രക്ഷാദൗത്യത്തിന് പിന്തുണ നൽകിയതിനാൽ ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് സർക്കാരും പ്രതിപക്ഷ പാർട്ടികളും രംഗത്തെത്തി.
ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി തമിഴ്നാട്ടിലെ ഡെൽറ്റ ജില്ലകളിലും മഴ തുടരുന്നു. 54 എടിആർ സർവീസുകൾ റദ്ദാക്കിയിരിക്കുകയാണ്. ഇൻഡിഗോ ചെന്നൈയിൽ നിന്നുള്ള 36 വിമാനങ്ങൾ റദ്ദാക്കി. രാമേശ്വരം സർവീസ് ഉൾപ്പെടെ ഒരു ട്രെയിൻ പൂർണമായും, 11 ട്രെയിനുകൾ ഭാഗികമായും റദ്ദാക്കി. തമിഴ്നാട്ടിലെ 14 ജില്ലകളിൽ എൻഡിആർഎഫും എസ്ഡിആർഎഫും രക്ഷാസേനയെ വിന്യസിച്ചിട്ടുണ്ട്.










