കോഴിക്കോട് : ബേപ്പൂർ ഗവ. റീജിയണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥികൾക്ക് ഫിഷറീസ് വകുപ്പിന്റെ ധനസഹായത്തോടെ സൗജന്യ വിമാനയാത്ര. പഠനയാത്രയുടെ ഭാഗമായി 11 വിദ്യാർഥികളാണ് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ബെംഗളൂരുവിലേക്ക് വിമാനത്തിൽ യാത്ര ചെയ്തത്.
കരിപ്പൂരിൽ നിന്ന് വിമാനമാർഗം ബെംഗളൂരുവിലെത്തിയ ശേഷം, സംഘം മൈസൂരുവിലേക്ക് തിരിച്ചു.മൈസൂരു പാലസ്, സെന്റ് ഫിലോമിന ചർച്ച്, വൃന്ദാവൻ ഗാർഡൻ, മൃഗശാല എന്നിവിടങ്ങൾ വിദ്യാർത്ഥികൾ സന്ദർശിച്ചു. രണ്ട് ദിവസത്തെ യാത്രയ്ക്ക് ശേഷം വിദ്യാർഥികൾ തിരിച്ചെത്തി. ഇത് സംഘത്തിലെ മിക്ക വിദ്യാർഥികളുടെയും ആദ്യത്തെ വിമാനയാത്രയായിരുന്നു. പുതിയ അനുഭവം ഏറെ സന്തോഷം നൽകിയതായി വിദ്യാർഥികൾ അറിയിച്ചു.വിദ്യാർഥികൾക്ക് അറിവും ഉല്ലാസവും നൽകിയ ഈ പഠനയാത്ര ഫിഷറീസ് വകുപ്പിന്റെ ഒരു വേറിട്ട കാൽവെപ്പായി.






