മലപ്പുറം: വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ പെട്രോളൊഴിച്ച് കത്തിച്ച സംഭവത്തിൽ മൂന്ന് പേരെ പ്രത്യേക സംഘം അറസ്റ്റ് ചെയ്തു. കുറത്തിയാർ പൊയിൽ സ്വദേശി മുഹമ്മദ് ഷാഹുൽ, പുളിക്കലോടി സ്വദേശികളായ സുബൈർ ബാബു , മുഹമ്മദ് നിയാസ് എന്നിവരെയാണ് നിലമ്പൂർ സിഐയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
ഡിസംബർ 1ന് വീടിന് സമീപം ബൈക്കിൽ എത്തി ഹോണടിച്ച് ശല്യം സൃഷ്ടിച്ചതിനെ ചോദ്യം ചെയ്തതിനെ തുടർന്ന് തർക്കമുണ്ടായിരുന്നു. പിന്നീട് പ്രതികൾ പമ്പിൽ നിന്ന് പെട്രോൾ വാങ്ങി പുലർച്ചെ കാർ കത്തിക്കുകയായിരുന്നു. വീട്ടുകാർ സമയോചിതമായി തീ അണച്ചതിനാൽ വൻനാശം ഒഴിവായി. തിരുവനന്തപുരത്തും മറ്റുമായി ഒളിവിൽ കഴിയുകയായിരുന്നു പ്രതികൾ. മുഖ്യപ്രതി ഷാഹുലിനെതിരെ മുമ്പും കേസുകൾ നിലവിലുണ്ട്.






