തിരുവനന്തപുരം: മുഖ്യമന്ത്രിയെ നേരിൽ കണ്ട് പരാതി നൽകാനെത്തിയ 75-കാരിയെ പൊലീസ് മർദിച്ചെന്ന പരാതിയുമായി കുടുംബം. വർക്കല ഇടവ കൽക്കൂട്ടംവിള സ്വദേശിനിയായ ശാരദയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.
അയൽവാസിയുടെ കുടുംബവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ പരാതി നൽകുന്നതിനായി ഒരാഴ്ച മുൻപ് സെക്രട്ടേറിയറ്റിലെത്തിയതായിരുന്നു ശാരദ. ആദ്യദിവസം മുഖ്യമന്ത്രിയെ നേരിൽ കണ്ട് പരാതി നൽകിയെന്നും, രണ്ട് ദിവസം കഴിഞ്ഞ് വീണ്ടും സെക്രട്ടേറിയറ്റിലെത്തിയപ്പോഴാണ് മർദനമേറ്റതെന്നും അവർ പറയുന്നു.
മൂന്ന് വനിതാ പൊലീസുകാരും രണ്ട് സിവിൽ പൊലീസ് ഉദ്യോഗസ്ഥരും ചേർന്നാണ് മർദിച്ചതെന്നാണ് ശാരദയുടെ ആരോപണം. തുടർന്ന് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് അവർ വർക്കല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ആശുപത്രി അധികൃതരാണ് വിവരം പൊലീസിനെ അറിയിച്ചത്.
സംഭവത്തിന് പിന്നാലെ ചില പൊലീസ് ഉദ്യോഗസ്ഥർ വീട്ടിലെത്തി പണം വാഗ്ദാനം ചെയ്തതായും ശാരദ ആരോപിച്ചു. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യം കുടുംബം ഉന്നയിച്ചു. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് പൊലീസിന്റെ ഔദ്യോഗിക പ്രതികരണം ഇതുവരെ ലഭ്യമായിട്ടില്ല.


