കോട്ടയം : ദേവലോകത്തു ഖബറടങിയ പരിശുദ്ധ ബസേലിയോസ് ഔഗേൻ പ്രഥമൻ കാതോലിക്കാ ബാവായുടെ അൻപത്താം ഓർമപ്പെരുന്നാൾ ഇന്നലെ സമാപിച്ചു. ദേവലോകം അരമനയിൽ രാവിലെ 6.30നു പ്രഭാത നമസ്കാരം നടന്നു. 7.30നു നടന്ന മൂന്നിൻമേൽ കുർബാനയിൽ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമികത്വം വഹിച്ചു. മാത്യൂസ് മാർ തേവോദോസിയോസ്, ഡോ. യൂഹാനോൻ മാർ ദിയസ്കോറസ് എന്നിവർ സഹകാർമികരായിരുന്നു.
അരമനയിൽ, തുടർന്നു കബറിങ്കൽ ധൂപപ്രാർഥന, പ്രദക്ഷിണം, ആശീർവാദം, നേർച്ചവിളമ്പ് എന്നിവ നടന്നു. കൂടാതെ അങ്കമാലി, കണ്ടനാട് ഭദ്രാസനങ്ങളിൽ നിന്നെത്തിയ തീർഥാടകർക്കു സഭാ ആസ്ഥാനത്ത് കഴിഞ്ഞ ദിവസം സ്വീകരണം നൽകി. യൂഹാനോൻ മാർ പോളിക്കാർപ്പോസിന്റെ നേതൃത്വത്തിലെത്തിയ തീർഥാടകരെ അരമന മാനേജർ യാക്കോബ് റമ്പാനും സംഘവും സ്വീകരിച്ചു.
വൈകിട്ട് സന്ധ്യാനമസ്കാരത്തിനും, ധൂപപ്രാർഥനയ്ക്കും, ശ്ലൈഹിക വാഴ്‌വിനും പരിശുദ്ധ കാതോലിക്കാ ബാവാ നേതൃത്വം നൽകി. എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ്, യൂഹാനോൻ മാർ പോളിക്കാർപ്പോസ്, മാത്യൂസ് മാർ തേവോദോസിയോസ്, ഡോ. മാത്യൂസ് മാർ തിമോത്തിയോസ്, ഡോ. യൂഹാനോൻ മാർ ദിയസ്കോറസ്, ഡോ. ജോഷ്വ മാർ നിക്കോദീമോസ് എന്നിവർ സഹകാർമികരായിരുന്നു. തുടർന്ന് ഫാ. ബ്രിൻസ് അലക്സ് മാത്യൂസ് അനുസ്മരണ സന്ദേശം നൽകി.




