കോഴിക്കോട്: കാഫിർ സ്ക്രീൻഷോട്ട് കേസിലെ അന്വേഷണത്തിന്റെ പേരിൽ പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണെന്ന് ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി ആരോപിച്ചു. യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ കേസ് പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐ.ടി) കൈമാറിയതോടെ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് അന്വേഷണം മുന്നോട്ടുപോകുന്നതെന്നും നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
തിരഞ്ഞെടുപ്പ് കാലത്ത് വടകരയിൽ രൂപീകരിച്ച ‘വടകര സ്ക്വാഡ്’ എന്ന വാട്സ്ആപ്പ് ഗ്രൂപ്പിലെ അംഗങ്ങളെ ദിവസേന വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും സമൂഹത്തിന് മുന്നിൽ കുറ്റവാളികളായി ചിത്രീകരിക്കുകയുമാണെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു. കുറ്റം സമ്മതിച്ചാൽ വിട്ടയക്കാമെന്ന് പറഞ്ഞ് സമ്മർദം ചെലുത്തുന്നതായും നേതാക്കൾ പറഞ്ഞു.
അന്വേഷണത്തിനായി വിളിപ്പിക്കുന്നവരുടെ വിവരങ്ങൾ മാധ്യമങ്ങൾക്ക് കൈമാറുകയും അവർ പറഞ്ഞിട്ടില്ലാത്ത കാര്യങ്ങൾ പറഞ്ഞതായി വാർത്തകൾ പ്രചരിപ്പിക്കപ്പെടുകയും ചെയ്യുന്നുവെന്നാണ് മറ്റൊരു ആരോപണം. ഇതിനെതിരെ പൊലീസ് നിഷേധം രേഖപ്പെടുത്താത്തതും സംശയങ്ങൾ വർധിപ്പിക്കുന്നുവെന്ന് ഡിവൈഎഫ്ഐ ചൂണ്ടിക്കാട്ടി.
ചോദ്യം ചെയ്യലിനായി എത്തുന്നവരുടെ മൊബൈൽ ഫോണുകൾ പിടിച്ചുവെക്കുകയും ദീർഘനേരം മാധ്യമങ്ങളുടെ ശ്രദ്ധയിൽപ്പെടുന്ന തരത്തിൽ അവരെ അവിടെ തുടരാൻ നിർബന്ധിതരാക്കുകയും ചെയ്യുന്നുവെന്നും നേതാക്കൾ ആരോപിച്ചു.
അതേസമയം, കാഫിർ സ്ക്രീൻഷോട്ട് കേസിൽ ഏത് അന്വേഷണത്തോടും സഹകരിക്കുമെന്ന് ഡിവൈഎഫ്ഐ വ്യക്തമാക്കി. സംഘടനയെ പ്രതിക്കൂട്ടിൽ നിർത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും അന്വേഷണം തെറ്റായ ദിശയിലാണെന്ന സംശയമുണ്ടെന്നും നേതാക്കൾ പറഞ്ഞു. യു.ഡി.എഫും യൂത്ത് കോൺഗ്രസും തയ്യാറാക്കുന്ന തിരക്കഥ അനുസരിച്ചാണ് എസ്.ഐ.ടി പ്രവർത്തിക്കുന്നതെങ്കിൽ ശക്തമായ സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്നും ഡിവൈഎഫ്ഐ മുന്നറിയിപ്പ് നൽകി.






