വടകര: ലോക്സഭാ തിരഞ്ഞെടുപ്പിനുപിന്നാലെ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിലും യുഡിഎഫ് മുന്നേറ്റത്തിന് വഴിയൊരുക്കി ‘ഷാഫി ഇഫക്ട്.’. കോഴിക്കോട്ടും കണ്ണൂരും യുഡിഎഫ് പ്രചാരണത്തില്‍ വലിയ ഓളം തീര്‍ത്തിരുന്നു ഷാഫി പറമ്പില്‍ എംപി. ഇത് ഫലത്തിലും പ്രതിഫലിച്ചെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ വടകരയില്‍ ഷാഫി പറമ്പില്‍ ഉജ്ജ്വലവിജയം നേടിയതിനുപിന്നാലെ ഇനി വരുന്ന തിരഞ്ഞെടുപ്പുകളില്‍ ഈ ഭാഗത്ത് പ്രചാരണം നയിക്കുക ഷാഫിയായിരിക്കുമെന്ന് ഏതാണ്ടുറപ്പായിരുന്നു. തിരഞ്ഞെടുപ്പുവേളയിലെ ഷാഫി ഇഫക്ട് അത്രത്തോളമുണ്ടായിരുന്നു. തദ്ദേശതിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയ ശേഷം എല്ലാ ഭാഗങ്ങളില്‍നിന്നും ഷാഫിക്കായി യുഡിഎഫ് മുറവിളി കൂട്ടിയിരുന്നു. പരമാവധി എല്ലായിടങ്ങളിലും എത്താവുന്ന വിധത്തില്‍ തിരക്കിട്ട ഷെഡ്യൂളായിരുന്നു ഷാഫിയുടേത്.
യുഡിഎഫില്‍ ഒരു നേതാവും ഇത്രത്തോളം സ്ഥലങ്ങളില്‍ പ്രചാരണത്തിന് പോയിട്ടുണ്ടാകില്ല. മണ്ഡലത്തിലെ തിരക്കിനിടയിലും പാലക്കാട്, മലപ്പുറം, കാസര്‍കോട്, തൃശ്ശൂര്‍, കൊല്ലം, തിരുവനന്തപുരം ജില്ലകളിലും ഷാഫി പ്രചാരണം നടത്തി. വടകര പാര്‍ലമെന്റ് മണ്ഡലത്തിലെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ചുരുങ്ങിയത് രണ്ടുതവണ ഷാഫി പ്രചാരണത്തിനെത്തി. കണ്ണൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലും പ്രചാരണം നടത്തി. ലോക്സഭാ തിരഞ്ഞെടുപ്പിലേതുപോലെ രാത്രി വൈകിയും ജനക്കൂട്ടം ഷാഫിയെക്കാണാന്‍ കാത്തുനിന്നു. വടകര പാര്‍ലമെന്റ് മണ്ഡലം പരിധിയിലും കോഴിക്കോടും കണ്ണൂരിലുമെല്ലാം ഇത് വോട്ടായി മാറിയെന്ന് തിരഞ്ഞെടുപ്പുഫലം വ്യക്തമാക്കുന്നു.
കോഴിക്കോടുമാത്രം 19 പഞ്ചായത്തുകളാണ് യുഡിഎഫ് പിടിച്ചെടുത്തത്. മൂന്നിടത്ത് തുല്യസീറ്റ്. ജില്ലാപഞ്ചായത്ത് ഭരണം ആദ്യമായി യുഡിഎഫിന് ലഭിച്ചു. കണ്ണൂരിലും കുന്നോത്തുപറമ്പ് പഞ്ചായത്തുള്‍പ്പെടെ ഒട്ടേറെ പഞ്ചായത്തുകള്‍ യുഡിഎഫ് പിടിച്ചു. കോഴിക്കോട് കോര്‍പ്പറേഷനിലും കൊയിലാണ്ടി നഗരസഭയിലും ഉള്‍പ്പെടെ നല്ല മുന്നേറ്റം ഉണ്ടായി. കോര്‍പ്പറേഷനില്‍ മിക്കവാറും ദിവസങ്ങളില്‍ ഷാഫിയുടെ സാന്നിധ്യമുണ്ടായിരുന്നു. മണിയൂര്‍, പുറമേരി തുടങ്ങിയ ഇടതുകോട്ടകളും വീണു.




