കൊച്ചി: ആലുവ മണപ്പുറത്ത് എത്തിയ ഫോർട്ട് കൊച്ചി സ്വദേശികളായ യുവാക്കളെ ആക്രമിച്ച് മൊബൈൽ ഫോണും പണവും കവർന്ന കേസിൽ രണ്ട് പേരെ ആലുവ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് വല്ലപ്പുഴ മനേക്കത്തോടി വീട്ടിൽ അനീസ് ബാബു , കടുങ്ങല്ലൂർ ഏലൂക്കര കാട്ടിപ്പറമ്പിൽ വീട്ടിൽ മുഹമ്മദ് റാഫി എന്നിവരാണ് പിടിയിലായത്. ഒക്ടോബർ 29ന് മണപ്പുറത്തെ ദേശം കടവ് ഭാഗത്തുവച്ചാണ് സംഭവം നടന്നത്.
ശാസ്ത്രീയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിനിടെ വടി കൊണ്ട് തലയ്ക്ക് അടിയേറ്റ് ലിയോൺ എന്ന യുവാവിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിന് ശേഷം പ്രതികൾ യുവാക്കളിൽ നിന്ന് മൊബൈൽ ഫോണുകളും പണവും കവർന്നതായി പൊലീസ് പറഞ്ഞു. പിടിയിലായ പ്രതികൾ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണെന്നും പൊലീസ് വ്യക്തമാക്കി. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.




