തൃശ്ശൂർ: തൃശ്ശൂർ പഴുവിൽ യുവതിയെ വീട്ടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ. പഴുവിൽ വെസ്റ്റ് വലിയകത്ത് സുൽഫത്ത് ആണ് മരിച്ചത്. വീട്ടിലെ അടുക്കളയിലാണ് മൃതദേഹം കണ്ടെത്തിയത്. തൃപ്രയാറിൽ തയ്യൽ കട നടത്തുകയാണ് സുൽഫത്ത്. വീട്ടിലിരുന്ന് തുന്നിയ വസ്ത്രങ്ങൾ കടയില്‍ നല്‍കാന്‍ ഭർത്താവ് മകളും പോയതിനാല്‍ സംഭവസമയത്ത് വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല.
തുന്നിയ വസ്ത്രം വാങ്ങാൻ വീട്ടിലെത്തിയ അയല്‍വാസി വിളിച്ചിട്ട് വാതിൽ തുറക്കാതിരുന്നതിനെ തുടർന്ന് ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. നാട്ടുകാർ അടുക്കള ഭാഗത്തെ വാതിൽ ബലം പ്രയോഗിച്ച് തുറന്ന് അകത്ത് എത്തിയപ്പോളാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. സമീപത്ത് നിന്ന് ഒഴിഞ്ഞ മണ്ണെണ്ണക്കുപ്പിയും കണ്ടെടുത്തു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




