മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷിക അന്താരാഷ്ട്ര മഹാ സമ്മേളനത്തിന് തുടക്കം കുറിച്ചു.
പ്രചരാണാർഥം സമസ്ത പ്രസിഡൻ്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തു കോയ തങ്ങൾ നേതൃത്വത്തിൽ കന്യാകുമാരിയിൽ നിന്നും ആരംഭിച്ച് സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും പര്യടനം നടത്തി. മംഗപാലുരത്ത് സമാപിക്കുന്ന സമസ്ത ശതാബ്ദി സന്ദശേ യാത്രയെ സ്വീകരിക്കാൻ തിരൂരിൽ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
സമസ്തയുടെ ചരിത്രങ്ങൾ പുതുതലമുകൾക്ക് പകർന്ന് നൽകുന്ന സന്ദേശ യാത്രക്ക് ജില്ലയിലെ ആദ്യ സ്വീകരണം കൂടിയാണ് തിരൂരിലേത്. തിരൂർ മുനിസിപ്പിൽ സ്റ്റേഡിയത്തിന് സമീപത്ത് (പറവണ്ണ മുഹ്‌യിദ്ദീൻ കുട്ടി ഉസ്താദ് നഗറിൽ ) സ്വീകരണ സമ്മേളനത്തിൻ്റെ വേദി സജ്ജീകരിച്ചിട്ടുള്ളത്. സ്വീകരണ സമ്മേളനം വൈകിട്ട് നാല് മണിക്ക് ആരംഭിക്കും.ജാഥാ നായകൻ എത്തുന്നതിന് മുൻപായി മൂന്ന് പ്രമേയ പ്രഭാഷണങ്ങൾ നടക്കും.
പ്രഭാഷണത്തിന് റഷീദ് ഫൈസി വെള്ളായിക്കോട്, സലാഹുദ്ദീൻ ഫൈസി വല്ലപ്പുഴ,സത്താർ പന്തല്ലൂർ എന്നിവർ നേതൃത്വം നൽകും.സ്വാഗതസംഘം ചെയർമാനും എസ്.വൈ.എസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി അധ്യക്ഷനാകും.പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ മുഖ്യാതിഥിയാവും.എം.പി.അബ്ദുസമദ് സമദാനി എംപി,എ.ഐ സി.സി സെക്രട്ടറി ടി.എ പ്രതാപൻ, കുറുക്കോളി മൊയ്തീൻ എം.എൽ.എ എന്നിവർ അതിഥികളായി പങ്കെടുക്കും. സമസ്ത കേന്ദ്ര മുശാവറ അംഗങ്ങൾ, കീഴ്ഘടകങ്ങളുടെ സംസ്ഥാന, ജില്ലാ നേതാക്കൾ എന്നിവർ സംസാരിക്കും. ജാഥാനായകൻ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നന്ദി പ്രസംഗം നടത്തും.ജാഥയെ നൂറ് വാഹനങ്ങളുടെ അകമ്പടിയോടു കൂടി ചമ്രവട്ടം ജംഗ്ഷനിൽ നിന്ന് സ്വീകരിച്ച് തിരൂർ പൂങ്ങോട്ട് കുളത്ത് നിന്ന് കാൽനട ജാഥയായി സമസ്ത വെസ്റ്റ് ജില്ലാ നേതാക്കളുടെയും പ്രവർത്തകരുടെയും നേതൃത്വത്തിൽ സ്വീകരണ കേന്ദ്രത്തിലേക്ക് ആനയിക്കും.പത്രസമ്മേളനത്തിൽ വെസ്റ്റ് ജില്ലാ സ്വാഗതസംഘം ഭാരവാഹികളായ കെ.എം.കുട്ടി എടക്കുളം, കുഞ്ഞിപ്പോക്കർ പരപ്പനങ്ങാടി, റാഫി പെരുമുക്ക്, നൗഷാദ് ചെട്ടിപ്പടി എന്നിവർ പങ്കെടുത്തു.




