കോട്ടയം: കേരള കോൺഗ്രസ് (എം) ഇടതുമുന്നണി വിടുമെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് പാർട്ടി ചെയർമാൻ ജോസ് കെ. മാണി. പാർട്ടിയുടെ രാഷ്ട്രീയ നിലപാട് ഇടതുമുന്നണിക്കൊപ്പമാണെന്ന് പലവട്ടം വ്യക്തമാക്കിയതാണെന്നും അദ്ദേഹം പ്രസ്താവനയിലൂടെ അറിയിച്ചു. തിരുവനന്തപുരത്ത് നടന്ന ഇടതുമുന്നണിയുടെ സമരപരിപാടിയിൽ ജോസ് കെ. മാണി പങ്കെടുക്കാതിരുന്നത് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ച സാഹചര്യത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
അഭ്യൂഹങ്ങൾക്ക് പിന്നിൽ ഗൂഢാലോചന
ഒഴിവാക്കാനാവാത്ത ചില സ്വകാര്യ ആവശ്യങ്ങൾക്കായി കേരളത്തിന് പുറത്ത് യാത്ര ചെയ്യേണ്ടി വന്നതിനാലാണ് സമരത്തിൽ പങ്കെടുക്കാൻ കഴിയാതിരുന്നത്. ഈ വിവരം മുന്നണി നേതാക്കളെ മുൻകൂട്ടി അറിയിച്ചിരുന്നു. പാർട്ടിയുടെ മുഴുവൻ എം.എൽ.എമാരും സമരത്തിൽ പങ്കെടുത്തതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
സത്യം ഇതായിരിക്കെ, പാർട്ടിയുടെ നിലപാട് സംബന്ധിച്ച് ഇപ്പോൾ നടക്കുന്നത് തെറ്റായ ചർച്ചകളാണ്. പാർട്ടിയെ അസ്ഥിരപ്പെടുത്താനുള്ള ബോധപൂർവ്വമായ അജണ്ടയുടെ ഭാഗമായാണ് ഇത്തരം അഭിപ്രായപ്രകടനങ്ങൾ ചിലർ നടത്തുന്നത്. കേരള കോൺഗ്രസ്(എം) ഒറ്റക്കെട്ടായി മുന്നോട്ട് പോകും.” – ജോസ് കെ. മാണി വ്യക്തമാക്കി.
തിരുവനന്തപുരത്തെ സമരത്തിൽ നിന്ന് പാർട്ടി ചെയർമാൻ വിട്ടുനിന്നത് യു.ഡി.എഫിലേക്കുള്ള മടക്കത്തിന്റെ സൂചനയാണെന്ന തരത്തിൽ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചകൾ ഉയർന്നിരുന്നു. ഈ പ്രചാരണങ്ങൾക്കെല്ലാം വിരാമമിട്ടുകൊണ്ടാണ് ജോസ് കെ. മാണി ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.




