കൊല്ലം: പാഠഭാഗം എഴുതിത്തീർത്തില്ലെന്നാരോപിച്ച് ട്യൂഷൻ സെന്റർ പ്രിൻസിപ്പൽ വിദ്യാർത്ഥിയെ മർദ്ദിച്ചതായി പരാതി. മയ്യനാട് സ്വദേശിയായ പതിനാറുകാരനെയാണ് ആക്രമിച്ചതെന്ന് കുടുംബം മർദിച്ചത്.
പ്ലസ് വൺ വിദ്യാർത്ഥിയായ കുട്ടി നാഷണൽ സർവീസ് സ്കീം ക്യാംപിൽ പങ്കെടുത്തതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ ട്യൂഷൻ സെന്ററിൽ ഹാജരായിരുന്നില്ല. ഈ കാലയളവിലെ പാഠഭാഗങ്ങൾ പൂർത്തിയാക്കാനായി കുട്ടിയെ രണ്ട് ദിവസമായി സ്കൂളിൽ വിടാതെ സെന്ററിൽ ഇരുത്തി എഴുതിപ്പിച്ചതായും കുട്ടിയുടെ പിതാവ് പറഞ്ഞു.
വൈകിട്ട് ക്ലാസിൽ എത്തിയ പ്രിൻസിപ്പൽ, നോട്ടുകൾ പൂർത്തിയാക്കിയില്ലെന്നാരോപിച്ച് കുട്ടിയെ ചൂരൽകൊണ്ട് മർദ്ദിച്ചുവെന്നാണ് പരാതി. വലതുകൈയുടെ കൈപ്പത്തിക്കും കൈമുട്ടിനുമിടയിലാണ് അടിയേറ്റത്. മർദ്ദനവിവരം ട്യൂഷൻ സെന്റർ ഉടമ തന്നെയാണ് വീട്ടുകാരെ ഫോണിൽ അറിയിച്ചത്. കൈയിൽ ചെറിയ മുറിവുണ്ടായതിനാൽ കുട്ടിയെ വീട്ടിലെത്തിക്കുകയാണെന്നായിരുന്നു അറിയിപ്പ്.
കുട്ടിയെ വീട്ടിലെത്തിച്ച ശേഷം സ്ഥാപന അധികൃതർ മടങ്ങി. പിന്നീട് രാത്രി പിതാവ് വീട്ടിലെത്തിയപ്പോഴാണ് മുറിവുകൾ ശ്രദ്ധയിൽപ്പെട്ടത്. കൈയ്ക്കൊപ്പം ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും അടിയേറ്റ് നീലിച്ച പാടുകൾ ഉണ്ടെന്ന് കുടുംബം പറയുന്നു. സംഭവത്തിൽ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് കുടുംബത്തിന്റെ തീരുമാനം.






