തിരുവനന്തപുരം: കല്ലമ്പലം നാവായിക്കുളം യദുക്കാട് പ്രദേശത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ 17 വിദ്യാർത്ഥികൾക്ക് പരിക്ക്. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥി ക്രിസ്റ്റോ പോളിനെയും അസിസ്റ്റന്റ് പ്രൊഫസർ നോയൽ വിൽസനെയും വിദഗ്ധ ചികിത്സയ്ക്കായി പാരിപ്പള്ളി മെഡിക്കൽ കോളേജിൽ നിന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
തൃശ്ശൂർ കൊടകരയിലെ എംബിഎ കോളേജിൽ നിന്നുള്ള വിദ്യാർത്ഥികൾ പഠനയാത്രയ്ക്കായി സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ബസിൽ 42 ഓളം വിദ്യാർത്ഥികളും മൂന്ന് അധ്യാപകരും രണ്ട് ജീവനക്കാരുമുണ്ടായിരുന്നു. ദേശീയപാതയിൽ ബൈപ്പാസ് നിർമാണം നടക്കുന്നതിനാൽ സർവീസ് റോഡിലൂടെ സഞ്ചരിക്കുമ്പോൾ ബസിന്റെ ചക്രങ്ങൾ മണ്ണിൽ കുടുങ്ങി വാഹനം ചരിഞ്ഞതായാണ് പ്രാഥമിക വിവരം.





