തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ക്ഷാമബത്ത കുടിശ്ശികയും സംബന്ധിച്ച വിഷയത്തിൽ സർക്കാർ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലം ഇരട്ടത്താപ്പാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല ആരോപിച്ചു. ക്ഷാമബത്ത ജീവനക്കാരുടെ അവകാശമല്ലെന്ന നിലപാടാണ് സർക്കാർ കോടതിയിൽ സ്വീകരിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇത് സംബന്ധിച്ച വാർത്ത പുറത്തുവന്നതോടെ ഉണ്ടായ വിവാദം മറച്ചുവയ്ക്കാനാണ് ധനമന്ത്രി പത്രസമ്മേളനം നടത്തി വിഷയത്തിൽ തകിടം മറിഞ്ഞതെന്ന് ചെന്നിത്തല ആരോപിച്ചു. സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ ഉറപ്പാക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്നും ആർക്കും ആശങ്ക വേണ്ടെന്നുമാണ് ധനമന്ത്രി പറഞ്ഞതെന്നും, എന്നാൽ അങ്ങനെയെങ്കിൽ ക്ഷാമബത്ത ജീവനക്കാരുടെ അവകാശമല്ലെന്ന് കോടതി മുമ്പാകെ സത്യവാങ്മൂലം നൽകിയത് എന്തിനാണെന്ന് അദ്ദേഹം ചോദിച്ചു.
സർക്കാരിന്റെ നിലപാടുകൾ ജീവനക്കാരിൽ വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണെന്നും ചെന്നിത്തല വ്യക്തമാക്കി. തൊഴിലാളികളുടെ അവകാശ സംരക്ഷകരെന്ന പേരിൽ അധികാരത്തിലെത്തിയവർ ക്ഷാമബത്ത പോലും ജീവനക്കാരുടെ അവകാശമല്ലെന്ന് പറയുന്നത് ഗുരുതരമായ വർഗവഞ്ചനയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.സർക്കാർ അറിയാതെയാണ് ഇത്തരമൊരു സത്യവാങ്മൂലം കോടതിയിൽ നൽകിയതെന്ന ഒരു വിഭാഗം ഭരണാനുകൂല ജീവനക്കാരുടെ വാദം അപഹാസ്യമാണെന്നും ചെന്നിത്തല പ്രസ്താവനയിൽ പറഞ്ഞു.




