കൊല്ലം: ക്ഷേത്ര പരിപാടിക്കിടെ വളർത്തു നായയുമായി എത്തിയ ഗുണ്ടാ നേതാവിന്റെ അതിക്രമം. പത്തനാപുരം പിടവൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടന്ന സപ്താഹയജ്ഞത്തിനിടെയാണ് മണ്ണ് മാഫിയ സംഘത്തിലെ തലവനെന്നറിയപ്പെടുന്ന പത്തനാപുരം സ്വദേശി സജീവ് അക്രമം നടത്തിയത്. അൽസേഷ്യൻ നായയുമായി ക്ഷേത്രപരിസരത്ത് എത്തിയ ഇയാൾ സംഘർഷാവസ്ഥ സൃഷ്ടിച്ചതോടെ ക്ഷേത്ര ഭരണസമിതി പൊലീസിൽ വിവരം അറിയിച്ചു. പത്തനാപുരം പൊലീസ് സ്ഥലത്തെത്തി സജീവിനെ വീട്ടിലേക്ക് മടക്കി അയച്ചു.
എന്നാൽ പൊലീസ് മടങ്ങിയതിന് പിന്നാലെ സജീവ് വീണ്ടും വാഹനവുമായി ക്ഷേത്രത്തിലേക്ക് എത്തി വീണ്ടും സംഘർഷം സൃഷ്ടിച്ചു. തുടർന്ന് പൊലീസ് വീണ്ടും സ്ഥലത്തെത്തി ഇയാളെ പറഞ്ഞുവിടാൻ ശ്രമിക്കുമ്പോൾ സജീവ് പൊലീസിനെ ആക്രമിക്കുകയായിരുന്നു. പൊലീസ് സംഘത്തിന് നേരെ ഓഫ്‌റോഡ് വാഹനം ഇടിച്ചു കയറ്റിയതോടെ പൊലീസ് ജീപ്പിന് ഗുരുതര നാശനഷ്ടങ്ങൾ ഉണ്ടായി.
ആക്രമണത്തിൽ സിവിൽ പൊലീസ് ഓഫീസർ അനീഷ് മോഹനന് പരിക്കേറ്റു. അദ്ദേഹത്തെ പത്തനാപുരം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നാലെ സജീവ് ഓടി രക്ഷപ്പെടുകയായിരുന്നു.
പൊലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും ഉദ്യോഗസ്ഥരെ ആക്രമിച്ചതിനും വധശ്രമം ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ പ്രകാരം സജീവിനെതിരെ കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു. പ്രതിക്കായി തെരച്ചിൽ ശക്തമാക്കിയിട്ടുണ്ടെന്നും സജീവ്‌ക്കെതിരെ ഗുണ്ടാ നിയമപ്രകാരം നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.




