പത്തനംതിട്ട: ബലാത്സംഗ കേസില്‍ ജയിലില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ജാമ്യഹര്‍ജിയില്‍ പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതി ഇന്ന് വാദം കേള്‍ക്കും.
എസ്‌ഐടി റിപ്പോര്‍ട്ടും ഇന്ന് കോടതിയില്‍ എത്തും. രാഹുലിനെതിരെ കൂടുതല്‍ തെളിവുകള്‍ ക്രൈം ബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിക്കും. തിരുവല്ല മജിസ്‌ട്രേറ്റ് കോടതി കഴിഞ്ഞദിവസം രാഹുലിന് ജാമ്യം നിഷേധിച്ചിരുന്നു.
ജാമ്യം തള്ളിയുള്ള മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് രാഹുലിന് പ്രതികൂലമാകാന്‍ ആണ് സാധ്യത. ആദ്യ കേസിലെ പരാതിക്കാരി ഹൈക്കോടതിയില്‍ കഴിഞ്ഞ ദിവസം സമര്‍പ്പിച്ച സത്യവാങ്മൂലം ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി ജാമ്യ ഹര്‍ജിയെ എതിര്‍ക്കാന്‍ ആണ് പ്രോസിക്യൂഷന്‍ നീക്കം.
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എതിരായ ആദ്യ ബലാത്സംഗ കേസില്‍ പരാതിക്കാരി നല്‍കിയ സത്യവാങ്മൂലത്തില്‍ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിട്ടുള്ളത്. നേരിട്ടത് ക്രൂര ബലാത്സംഗമാണെന്നും ഭീഷണിപ്പെടുത്തി നഗ്‌ന വീഡിയോ ചിത്രീകരിച്ചു. വീഡിയോ ഇപ്പോഴും രാഹുലിന്റെ ഫോണില്‍ ഉണ്ട്.
പ്രതിക്ക് മുന്‍കൂര്‍ ജാമ്യം നല്‍കിയാല്‍ നഗ്‌ന ദൃശ്യങ്ങള്‍ പുറത്താക്കുമെന്ന് ഭയപ്പെടുന്നതായും സത്യവാങ്മൂലത്തില്‍ പരാതിക്കാരി വ്യക്തമാക്കുന്നു. കൂടാതെ, ഗര്‍ഭഛിദ്രം നടത്തിയത് ഭീഷണിപ്പെടുത്തിയാണെന്നും സുഹൃത്ത് ജോബി എത്തിച്ച ഗുളികകള്‍ കഴിച്ചത് വീഡിയോ കോളില്‍ കണ്ട് രാഹുല്‍ ഉറപ്പാക്കിയെന്നും യുവതി സത്യവാങ്മൂലത്തില്‍ പറയുന്നു.






